Skip to content

അതവന്റെ കഴിവുകേട്, ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഗൗതം ഗംഭീർ. തന്റെ ക്യാപ്റ്റൻസിയിൽ മാക്‌സ്‌വെല്ലിന് ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ചിരുന്നുവെന്ന് പറഞ്ഞ ഗംഭീർ ടീമുകൾ മാക്‌സ്‌വെല്ലിനെ നിലനിർത്താത്തതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

കഴിഞ്ഞ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി 13 മത്സരങ്ങളിൽ നിന്നും 15.42 ശരാശരിയിൽ 108 റൺസ് നേടാൻ മാത്രമാണ് മാക്‌സ്‌വെല്ലിന് സാധിച്ചത്. ഒരു സിക്സ് പോലും നേടാൻ മാക്‌സ്‌വെല്ലിന് സാധിച്ചില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനിടയിലും താരലേലത്തിൽ 14.25 കോടി രൂപയ്ക്കാണ് വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചഴ്സ് ബാംഗ്ലൂർ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. ഐ പി എല്ലിൽ ഇതുവരെ 82 മത്സരങ്ങളിൽ നിന്നും 154.68 സ്‌ട്രൈക്ക് റേറ്റിൽ 1505 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ നാലാമത്തെ ടീമാണ് ആർ സി ബി. ഇതിനുമുൻപ് കിങ്‌സ് ഇലവൻ പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടി മാക്‌സ്‌വെൽ കളിച്ചിട്ടുണ്ട്.

” ഐ പി എല്ലിൽ മാക്‌സ്‌വെൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിൽ ഇത്രയധികം ഫ്രാഞ്ചൈസികൾക്ക് വേണ്ടി അവൻ കളിക്കേണ്ടി വരില്ലായിരുന്നു. ഇത്രയധികം ടീമുൾക്ക് വേണ്ടി അവൻ കളിച്ചത് അവന് സ്ഥിരത പുലർത്താൻ സാധിക്കാത്തതുകൊണ്ട് മാത്രമാണ്. ” ഗംഭീർ പറഞ്ഞു.

” മുൻപത്തെ ടീമുകളിൽ അവന് ആവശ്യമായ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലയെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കില്ല. ഡൽഹിയ്ക്ക് വേണ്ടി കളിച്ചരുന്നപ്പോൾ അവന് ആവശ്യമായ ഫ്രീഡം ഞങ്ങൾ നൽകിയിരുന്നു. ഈ ഫ്രാഞ്ചൈസികൾ എല്ലാം തന്നെ അവനെ ഒരു X- ഫാക്ടറായാണ് കാണുന്നത്. അതുകൊണ്ട് തന്നെ അവന്റെ കഴിവ് പുറത്തെടുക്കാൻ ആവശ്യമായ ഫ്രീഡം അവർ ഉറപ്പുവരുത്തും. ഏറ്റവും നിർഭാഗ്യകരമായ കാര്യമെന്തെന്നാൽ ഇത്രയും അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചിട്ടും അവന് വിജയിക്കാൻ സാധിച്ചില്ല. 2014 സീസൺ ഒഴിച്ചാൽ ഐ പി എല്ലിൽ തന്റെ കഴിവ് പുറത്തെടുക്കാൻ മാക്‌സ്‌വെല്ലിന് സാധിച്ചിട്ടില്ല. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

” സ്ഥിരത പുലർത്തിയിരുന്നെങ്കിൽ ഒരു ടീമും അവനെ റിലീസ് ചെയ്യുകയില്ലായിരുന്നു. നിങ്ങൾ ആന്ദ്രേ റസ്സലിനെ നോക്കൂ. മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ അവനെ കൊൽക്കത്ത ഇതുവരെയും ഒഴിവാക്കിയിട്ടില്ല. നിങ്ങൾ മികച്ച പ്രകടനം പുറത്താക്കാത്തതുകൊണ്ട് മാത്രമാണ് ഫ്രാഞ്ചൈസി നിങ്ങളെ ഒഴിവാക്കേണ്ടി വരുന്നത്. ഇക്കുറി അവൻ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഓരോ വർഷവും ലേലത്തിൽ കൂടുതൽ വില അവന് ലഭിക്കുന്നത് ഓസ്‌ട്രേലിയക്ക് വേണ്ടിയുള്ള അവന്റെ മികച്ച പ്രകടനമാണ്. ഐ പി എല്ലിൽ മറ്റേത് താരത്തിനേക്കാൾ ഫ്രീഡം അവന് ലഭിക്കുന്നുണ്ട്. ഇക്കുറി അവൻ നിരാശപെടുത്തില്ലയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” ഗൗതം ഗംഭീർ പറഞ്ഞു.