Skip to content

കഴിഞ്ഞ ഐ പി എല്ലിനിടെ ധോണി നൽകിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തി ടി നടരാജൻ

കഴിഞ്ഞ ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ എം എസ് ധോണി നൽകിയ ഉപദേശം അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെ സഹായിച്ചുവെന്ന് സൺറൈസേഴ്‌സിന്റെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജൻ. കഴിഞ്ഞ ഐ പി എല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത നടരാജൻ എം എസ് ധോണി, എ ബി ഡിവില്ലിയേഴ്സ് തുടങ്ങിയ വമ്പന്മാരുടെ വിക്കറ്റുകൾ നേടിയിരുന്നു.

ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും നടരാജൻ അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 16 വിക്കറ്റുകൾ നടരാജൻ നേടിയിരുന്നു. സീസണിലെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷമാണ് ധോണിയുമായി നടരാജൻ സംസാരിച്ചത്. ആ മത്സരത്തിൽ ധോണിയുടെ വിക്കറ്റും നടരാജൻ നേടിയിരുന്നു.

” അദ്ദേഹത്തിനെതിരെ ഞാൻ ഒരു പന്ത് സ്ലോട്ടിൽ എറിഞ്ഞു, അതിലദ്ദേഹം കൂറ്റൻ സിക്സ് നേടി, 102 മീറ്ററോ മറ്റോ, തൊട്ടടുത്ത പന്തിൽ അദ്ദേഹത്തിന്റെ വിക്കറ്റ് നേടുവാൻ എനിക്ക് സാധിച്ചു. എന്നാൽ വിക്കറ്റിൽ ഞാൻ സന്തോഷിച്ചില്ല, കാരണം ഞാൻ അതിനുമുൻപെറിഞ്ഞ പന്തിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ഡ്രസിങ് റൂമിൽ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നേടാൻ സാധിച്ചതിൽ എനിക്ക് സന്തോഷം തോന്നിയത്. ” നടരാജൻ പറഞ്ഞു.

” ആ മത്സരത്തിന് ശേഷം ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ധോണിയെ പോലെയൊരു താരത്തോട് സംസാരിക്കുകയെന്നത് വലിയ കാര്യമാണ്. അദ്ദേഹം എന്റെ ഫിറ്റ്നസിനെ കുറിച്ച് ചോദിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഞാൻ മികച്ച താരമാകുമെന്നും സ്ലോ ബൗൺസറുകളും കട്ടേസ്സും വേരിയേഷൻസും ഉപയോഗിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഒരുപാട് ഗുണംചെയ്യുകയും ചെയ്തു. ” നടരാജൻ കൂട്ടിച്ചേർത്തു.

നവംബർ ആറിന് ആർ സി ബിയ്ക്കെതിരായ എലിമിനേറ്ററിൽ എ ബി ഡിവില്ലിയേഴ്സിന്റെയടക്കം രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം നടരാജൻ കാഴ്ച്ചവെച്ചിരുന്നു. ആ ദിവസം തന്നെയാണ് നടരാജന് പെൺകുഞ്ഞ് പിറന്നതും.

” തീർച്ചയായും അത് വളരെ സന്തോഷം പകർന്ന ദിവസമായിരുന്നു. ഒരു വശത്ത് എനിക്കൊരു പെൺകുഞ്ഞ് പിറന്നു. മറ്റൊരു വശത്ത് നിർണായക മത്സരത്തിൽ വിക്കറ്റ് നേടുവാനും എനിക്ക് സാധിച്ചു. കുഞ്ഞുണ്ടായതിനെ കുറിച്ച് മറ്റുള്ളവരോട് മത്സരം വിജയിച്ച ശേഷം പറയാമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അതിനുമുൻപേ എന്റെ ക്യാപ്റ്റൻ ഡേവിഡ് വാർണർ അതെല്ലാവരോടും പറഞ്ഞിരുന്നു. ക്രോസ് സീം യോർക്കറാണ് ഞാൻ ഡിവില്ലിയേഴ്സിനെതിരെ എറിഞ്ഞത്. സീം യോർക്കർ എറിയുമ്പോൾ എനിക്ക് എന്റെ ആംഗിൾ നഷ്ട്ടപെടാൻ ചാൻസുണ്ട്. അതുകൊണ്ട് തന്നെ ക്രോസ് സീം യോർക്കർ എറിയാനാണ് എനിക്കിഷ്ടം. ” നടരാജൻ കൂട്ടിച്ചേർത്തു.