Skip to content

റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ യുവതാരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണറും കൂടിയായ പൃഥ്വി ഷായുടെ വ്യത്യസ്തമായ ശീലം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 17.54 ശരാശരിയിൽ 228 റൺസ് നേടാൻ മാത്രമാണ് പൃഥ്വി ഷായ്ക്ക് സാധിച്ചത്. 13 ൽ എട്ട് മത്സരങ്ങളിലും രണ്ടക്കം കടക്കാൻ താരത്തിന് സാധിച്ചില്ല. എന്നാൽ ഇക്കുറി ടീമിന്റെ നിർണായക താരമാകാൻ ഷായ്ക്ക് സാധിക്കുമെന്നും പോണ്ടിങ് പറഞ്ഞു.

ഐ പി എല്ലിന് ശേഷം നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലും തിളങ്ങാൻ പൃഥ്വി ഷായ്ക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ 4,0 എന്നിങ്ങനെ പുറത്തായ ഷായ്ക്ക് പിന്നിടുള്ള മത്സരങ്ങളിൽ അവസരം ലഭിച്ചില്ല. എന്നാൽ പിന്നീട് നടന്ന വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. 8 മത്സരങ്ങളിൽ നിന്നും 165.40 ശരാശരിയിൽ 827 റൺസ് പൃഥ്വി ഷാ നേടിയിരുന്നു.

” കഴിഞ്ഞ വർഷത്തെ ഐ പി എല്ലിൽ അവനുമായി വളരെ രസകരമായ സംഭാഷണത്തിൽ ഞാൻ ഏർപ്പെട്ടിരുന്നു. അവനെ കോച്ച് ചെയ്യുവാനും അവനിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാനും ശരിയായ മാർഗങ്ങൾ തേടുകയായിരുന്നു ഞാൻ. എന്നാൽ റൺസ് സ്കോർ ചെയ്യാതിരിക്കാൻ ബാറ്റ് ചെയ്യില്ലയെന്നും റൺസ് സ്കോർ ചെയ്യുമ്പോൾ എല്ലായ്‌പോഴും തനിക്ക് ബാറ്റ് ചെയ്യണമെന്നുമാണ് അവൻ പറഞ്ഞത്. നാലോ അഞ്ചോ മത്സരങ്ങളിൽ തുടർച്ചയായി അവൻ രണ്ടക്കം കാണാതെ പുറത്തായപ്പോൾ നെറ്റ്സിൽ പരിശീലനത്തിലൂടെ തെറ്റുകൾ തിരുത്താമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. എന്നാൽ ഞാൻ ബാറ്റ് ചെയ്യുന്നില്ലയെന്നും അത് ശരിയാക്കാൻ സാധിക്കുകയില്ലെന്നുമാണ് അവൻ പറഞ്ഞത്. ” റിക്കി പോണ്ടിങ് പറഞ്ഞു.

” ഇപ്പോൾ അവൻ ഒരുപാട് മാറിയിട്ടുണ്ട്. അവന്റെ ആ ശീലവും മാറിയെന്നാണ് ഞാൻ കരുതുന്നതും പ്രതീക്ഷിക്കുന്നതും. കാരണം അവന്റെ കഴിവ്‌ പൂർണ്ണമായും ഉപയോഗപെടുത്തിയാൽ ഒരു സൂപ്പർതാരമായി മാറാൻ അവന് സാധിക്കും. ” റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു.

” അവന്റെ പരിശീലനരീതികൾ മാറിയാൽ അത് ഡൽഹി ക്യാപിറ്റൽസിന് മാത്രമായിരിക്കില്ല ഗുണകരമാവുക. ഭാവിയിൽ ഇന്ത്യൻ ടീമിന് വേണ്ടിയും അവൻ ഒരുപാട് മത്സരങ്ങൾ കളിക്കും. ഐ പി എല്ലിൽ മികച്ച ഫോമിൽ അവൻ ബാറ്റ് ചെയ്താൽ അത് ഡൽഹി ക്യാപിറ്റൽസിനെ കൂടുതൽ ശക്തരാക്കും. എന്റെ ക്രിക്കറ്റ് കരിയറിൽ അവനെക്കാൾ കഴിവുള്ള കൂടുതൽ താരങ്ങളെ ഞാൻ കണ്ടിട്ടില്ല. ” റിക്കി പോണ്ടിങ് പറഞ്ഞു.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഡൽഹിയെ ഇക്കുറി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്താണ് നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ് ശ്രേയസ് അയ്യർ പുറത്തായതോടെയാണ് ക്യാപ്റ്റനായി റിഷാബ് പന്തിനെ നിയമിച്ചത്. ഏപ്രിൽ 10 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.