Skip to content

കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവദത് പടിക്കൽ. ആർ സി ബിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് മലയാളികൂടിയായ പടിക്കൽ കാഴ്ച്ചവെച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും എന്നാൽ ക്രിക്കറ്റിൽ തന്റെ റോൾ മോഡൽ മുൻ ഇന്ത്യൻ ഓപ്പണട് ഗൗതം ഗംഭീറാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പടിക്കൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 31.53 ശരാശരിയിൽ 473 റൺസ് നേടിയ ദേവ്ദത് പടിക്കലാണ് റോയൽ ചലഞ്ചേഴ് ലസ് ബാംഗ്ലൂരിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്.

” എന്നെ ഒരു വ്യക്തി മാത്രമല്ല സ്വാധീനിച്ചിട്ടുള്ളത്. എല്ലാവരും വ്യത്യസ്ത വെല്ലുവിളികളാണ് കരിയറിൽ ഉയരങ്ങളിലെത്തുന്നതിനിടെ നേരിട്ടുള്ളത് എല്ലാവർക്കും പറയാനുള്ളത് വ്യത്യസ്ത കഥകളായിരിക്കും. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാവരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കാരണം അവിടെ എത്തിപെടുകയെന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ ക്രിക്കറ്റിൽ എന്റെ റോൾ മോഡൽ ഗൗതം ഗംഭീറാണ് ” ദേവ്ദത് പടിക്കൽ പറഞ്ഞു.

” അദ്ദേഹം ബാറ്റ് ചെയ്യുന്നത് കണ്ടിട്ടാണ് ഞാൻ വളർന്നത്. ഇപ്പോഴും ഞാൻ അദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാൻ ഇപ്പോഴും ഇഷ്ട്ടപെടുന്നു. ഗംഭീറാണ് ക്രിക്കറ്റിൽ എന്റെ റോൾ മോഡൽ. ” പടിക്കൽ കൂട്ടിച്ചേർത്തു.

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് ദേവദത് പടിക്കൽ കാഴ്ച്ചവെച്ചത്. 7 മത്സരങ്ങളിൽ നിന്നും 147.40 ശരാശരിയിൽ 737 റൺസ് താരം ടൂർണമെന്റിൽ നേടിയിരുന്നു.

” കഴിഞ്ഞ വർഷം ആർ സി ബിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിച്ചു. എല്ലാ മത്സരങ്ങളും കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. വിരാട് കോഹ്ലിയ്ക്കും ഡിവില്ലിയേഴ്സിനുമൊപ്പം കളിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. എല്ലാ ദിവസവും കോഹ്ലിയിൽ നിന്നും എ ബി ഡിയിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ എനിക്ക് സാധിച്ചു. അന്താരാഷ്ട്ര ടൂർണമെന്റിലെയും ഐ പി എല്ലിലെയും അവരുടെ പ്രകടനങ്ങൾ അത്ഭുതപെടുത്തുന്നതാണ്. ഒരോ മത്സരത്തിലും അവർ സമ്മർദത്തെ കൈകാര്യം ചെയ്യുന്ന രീതിയും പ്രകടനവും എനിക്കും എനിക്കും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ” ദേവദത് പടിക്കൽ പറഞ്ഞു.