Skip to content

കിരീടനേട്ടത്തിനൊപ്പം കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ, ഉറപ്പായും നേടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ. കന്നികിരീടം ലക്ഷ്യം വെച്ച് സീസണിൽ പോരാട്ടത്തിനിറങ്ങുന്ന കോഹ്ലി ഒരുപിടി വ്യക്തിഗത റെക്കോർഡുകളും കാത്തിരിക്കുന്നുണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം

ഐ പി എല്ലിൽ 6000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ

ഈ സീസണിൽ 122 റൺസ് കൂടെ നേടാൻ സാധിച്ചാൽ ഐ പി എല്ലിൽ 6,000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. ഐ പി എല്ലിൽ റൺവേട്ടക്കാരിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി 192 മത്സരങ്ങളിൽ നിന്നും 38.16 ശരാശരിയിൽ 5 സെഞ്ചുറിയും 39 ഫിഫ്റ്റിയുമടക്കം 5,878 റൺസ് കോഹ്ലി നേടിയിട്ടുണ്ട്‌. 193 മത്സരങ്ങളിൽ നിന്നും 5368 റൺസ് നേടിയ സുരേഷ് റെയ്‌നയാണ് റൺവേട്ടക്കാരിൽ കോഹ്ലിയ്ക്ക് പുറകിലുള്ളത്.

ടി20 ക്രിക്കറ്റിൽ പതിനായിരം റൺസ്

സീസണിൽ 269 റൺസ് കൂടെ നേടിയാൽ ടി20 ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം. ടി20 ക്രിക്കറ്റിൽ ഇതുവരെ 304 മത്സരങ്ങളിൽ നിന്നും 9731 റൺസ് കോഹ്ലി നേടിയിട്ടുണ്ട്‌.

ഒരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി 200 മത്സരങ്ങളിൽ

ഐ പി എല്ലിൽ ഇതുവരെ 192 മത്സരങ്ങൾ വിരാട് കോഹ്ലി കളിച്ചിട്ടുണ്ട്. സീസണിൽ എട്ട് മത്സരങ്ങൾ കൂടെ കളിച്ചാൽ ഐ പി എല്ലിൽ എം എസ് ധോണിയ്ക്കും രോഹിത് ശർമ്മയ്ക്കും ശേഷം 200 മത്സരങ്ങൾ കളിക്കുന്ന താരമായി കോഹ്ലി മാറും. കൂടാതെ അരങ്ങേറ്റം മുതൽ ആർ സി ബിയ്ക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ള കോഹ്ലിയ്ക്ക് ഐ പി എല്ലിൽ ഒരു ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കാം.

കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 42.36 ശരാശരിയിൽ 466 റൺസ് വിരാട് കോഹ്ലി നേടിയിരുന്നു. സീസണിൽ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിലും പ്രവേശിച്ചിരുന്നു. ഇക്കുറി കിരീട പ്രതീക്ഷയുമായി എത്തുന്ന കോഹ്ലിയുടെയും സംഘത്തിന്റെയും തുറുപ്പുചീട്ട് ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലാണ്. താരലേലത്തിൽ 14.25 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ ആർ സി ബി സ്വന്തമാക്കിയത്.