Skip to content

ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

ഐ പി എൽ പതിനാലാം സീസണിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ യുവതാരം ഇഷാൻ കിഷനായിരുന്നു മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്.

( Picture Credit : Twitter/Bcci )

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 516 റൺസ് ഇഷാൻ കിഷൻ നേടിയിരുന്നു. 503 റൺസ് നേടിയ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്കും 480 റൺസ് നേടിയ സൂര്യകുമാർ യാദവുമായിരുന്നു ഇഷാൻ കിഷന് പുറകിലുണ്ടായിരുന്നത്.

( Picture Credit : Twitter/Bcci )

” സൂര്യകുമാർ യാദവായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ. അവൻ മികച്ച ഫോമിലാണ്, കൂടുതൽ അവസരങ്ങൾ അവന് ലഭിക്കുകയും ചെയ്യും. ഇന്ത്യൻ ബാറ്റ്‌സ്‌ന്മാർക്കാണ് കൂടുതൽ അനുകൂലമായ പിച്ചുകളിലാണ് മുംബൈ ഇന്ത്യൻസ് കളിക്കുന്നത്. അതുകൊണ്ട് തന്നെ അവന് വീണ്ടും ഒരു മികച്ച സീസൺ ലഭിക്കും. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Credit : Twitter/Bcci )

ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാർ യാദവ് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. തന്റെ ആദ്യ മത്സരത്തിൽ 31 പന്തിൽ 57 റൺസും തൊട്ടടുത്ത മത്സരത്തിൽ 17 പന്തിൽ 32 റൺസും നേടിയിരുന്നു.

( Picture Credit : Twitter/Bcci )

” രോഹിത് ശർമ്മയായിരിക്കും മുംബൈ ഇന്ത്യൻസിന് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടുക, കാരണം ഈ സീസണിൽ ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം കൂടുതലായിരിക്കും. ബുംറയായിരിക്കും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുക,അതിൽ സംശയമില്ല. ഐ പി എല്ലിലെ ഏറ്റവും മികച്ച ബൗളറാണവൻ. പിച്ച് ഏതുതരത്തിലുള്ളതാണെങ്കിലും അവനിൽ ഒരുപാട് പ്രതീക്ഷകൾ ടീമിനുണ്ട്. മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടി പ്ലേയോഫിൽ പ്രവേശിക്കും. ഫൈനലിലെത്താനും തുടർച്ചയായ മൂന്നാം കിരീടം നേടാനും അവന് സാധിക്കും. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Credit : Twitter/Bcci )