Skip to content

‘ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ കോഹ്ലി മുന്നറിയിപ്പ് നൽകിയിരുന്നു, അപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു ഇനി കാര്യങ്ങൾ എളുപ്പമാക്കില്ലെന്ന് ‘ ഇംഗ്ലണ്ട് താരത്തിന്റെ വെളിപ്പെടുത്തൽ

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ മധ്യത്തിൽ വിരാട് കോഹ്‌ലി പരമ്പരയിലെ വരാൻ പോകുന്ന ‘ടേർണിങ് പിച്ചിനെ’ കുറിച്ച് മുന്നറിയിപ്പ് നൽകിയതായി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഒല്ലി പോപ്പ് വെളിപ്പെടുത്തി.
4 മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ ക്രീസിൽ സുഖമായി ബാറ്റ് ചെയ്യുന്നതായി കണ്ട ഏക മത്സരമായിരുന്നത്.

മത്സരത്തിൽ ആദ്യ രണ്ട് ദിവസങ്ങളിൽ ബൗളർമാർക്ക് തുച്ഛമായ സഹായം ലഭിച്ച ഒരു ട്രാക്കിൽ, സന്ദർശകർ ആദ്യ ഇന്നിംഗ്‌സിൽ 578 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഡബിൾ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോർ നേടാൻ സഹായകമായത്. മത്സരത്തിൽ 227 റൺസിന് സന്ദർശകർ വിജയിച്ചു.

അതിന് ശേഷം നടന്ന മത്സരങ്ങളിൽ സ്പിൻ ബൗളർമാരെ ഏറെ തുണക്കുന്ന പിച്ചുകളായിരുന്നു കണ്ടത്. ഇംഗ്ലണ്ട് താരങ്ങൾക്ക് ക്രീസിൽ നിലയുറപ്പിക്കാൻ സാധിക്കാത്ത രീതിയിലായിരുന്നു ഇന്ത്യയുടെ ബൗളിങ് ആക്രമണം. അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റിൽ 2 ദിവസം കൊണ്ടാണ് മത്സരം അവസാനിച്ചത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് കളിച്ച 6 ഇന്നിംഗ്‌സിൽ ഒരിക്കൽ മാത്രമാണ് 200 റൺസ് നേടാനായത്.

ആദ്യ മത്സരത്തിനിടെ ഇത് അവസാനത്തെ ഫ്ലാറ്റ് പിച്ച് ആയിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഒല്ലി പോപ്പ് വെള്ളിയാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തി. ” രണ്ടാം ഇന്നിംഗ്‌സിൽ പിച്ച് വളരെയധികം ടേണ് ചെയ്യാൻ തുടങ്ങി. ഞാൻ നോൺ-സ്‌ട്രൈക്കറുടെ അറ്റത്ത് നിൽക്കുകയായിരുന്നു, കോഹ്‌ലി എന്റെ അടുത്ത് വന്ന് ‘ഇത് അവസാനത്തെ ഫ്ലാറ്റ് വിക്കറ്റായിരിക്കും’ എന്ന് പറഞ്ഞു. ആ സമയത്ത് ഞാൻ മനസ്സിലാക്കി ശേഷിക്കുന്ന മത്സരങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ” ഒല്ലി പോപ്പ് പറഞ്ഞു.

” ജോറൂട്ട്, ബെൻ സ്റ്റോക്സ് എന്നിവരെപ്പോലുള്ള കൂടുതൽ പരിചയസമ്പന്നരായ താരങ്ങളുമായി ചാറ്റ് ചെയ്തപ്പോൾ, അവർ പറഞ്ഞത്: ഇതാണ് അവർ കളിച്ച ഏറ്റവും വിഷമകരമായ പിച്ചെന്നായിരുന്നു. അവർ ഇത് പറയുന്നുണ്ടെങ്കിൽ, അത് എത്രത്തോളം വെല്ലുവിളിയാണെന്ന് ഊഹിക്കാം. ഒരു ടീം എന്ന നിലയിൽ അത് ഞങ്ങൾക്ക് ഒരു നല്ല അഭിനന്ദനമാണ്, കാരണം അവരുടെ ഗെയിംപ്ലാൻ മാറ്റണമെന്ന് അവർക്ക് ആദ്യ മത്സരം കഴിഞ്ഞതോടെ വ്യക്തമായി തോന്നി ” ഒല്ലി പോപ്പ് പറഞ്ഞു.