Skip to content

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജുവാണോ മോർഗനാണോ?! ; ഓപ്പണിങ് സഖ്യത്തെ സ്ഥിരീകരിച്ച് മോർഗൻ, പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ

ഇത്തവണ മലയാളി താരം സഞ്ജു സാംസണിന് മുന്നിലുള്ളത് സുപ്രധാനമായ ഐപിഎൽ സീസണാണ്. ഈ വർഷം നടക്കുന്ന ടി20 ലോകക്കപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ മികച്ച പ്രകടനം പുറത്തെടുക്കണം എന്നതോടൊപ്പം ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വവും സഞ്ജുവിന് മുമ്പിലുണ്ട്. പതിനാലാം സീസണിന് മുന്നോടിയായി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ കൈ ഒഴിഞ്ഞത്തോടെയാണ് ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിനെ തേടിയെത്തിയത്.

വിദേശ താരങ്ങളുടെ കരുത്തിൽ ശക്തമായ നിര തന്നെയാണ് രാജസ്ഥാൻ റോയൽസിനുള്ളത്. ബട്ട്ലർ, സ്റ്റോക്‌സ്, മോറിസ്, ആർച്ചർ തുടങ്ങിയ വമ്പന്മാർ ഒപ്പമുണ്ട്. ഡയറക്ടറായി മുൻ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയും ടീമിലെത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ആരായിരിക്കും ഓപ്പണിങ്ങിൽ രാജസ്ഥാനായി എത്തുകയെന്നതിൽ ഇതുവരെയായും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ സീസണിൽ 5 ഓപ്പണിങ് കോംബോയാണ് രാജസ്ഥാൻ പരീക്ഷിച്ചത്.

ജയ്സ്വാൾ, സ്റ്റീവ് സ്മിത്ത്, ജോസ് ബട്ട്ലർ, സ്റ്റോക്‌സ്, ഉത്തപ്പ എന്നിവർ ഓപ്പണിങ്ങിൽ ഇറങ്ങിയിരുന്നു. സീസണിന്റെ അവസാനത്തിൽ സ്റ്റോക്‌സും ഉത്തപ്പയുമായിരുന്നു ഓപ്പണിങ്ങിൽ ഇറങ്ങിയിരുന്നത്. എന്നാൽ ഉത്തപ്പയെ രാജസ്ഥാൻ ഒഴിവാക്കിയതോടെ പുതിയ സഖ്യത്തെ കണ്ടുപിടിക്കേണ്ട ചുമതലയും രാജസ്ഥാൻ മാനേജ്‌മെന്റിനുണ്ട്.

ഇതിനിടെ രാജസ്‌ഥാന്റെ ഓപ്പണിങ് കോംബോയെ സ്ഥിരീകരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റൻ മോർഗൻ രംഗത്തെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലയിരിക്കുന്നത്. ഇത്തവണ രാജസ്ഥാൻ വേണ്ടി സ്റ്റോക്‌സും ബട്ട്ലറും ഓപ്പണിങ്ങിൽ ഇറങ്ങുമെന്നാണ് സ്കൈ ക്രിക്കറ്റുമായി സംസാരിക്കവെ മോർഗൻ പറഞ്ഞത്.

” ബട്ട്ലറിന് കൂടുതൽ അവസരങ്ങൾ നൽകിയപ്പോഴൊക്കെ അദ്ദേഹം കൂടുതൽ മികച്ചതായി മാറുകയായിരുന്നു. അക്കാര്യത്തിൽ സ്റ്റോക്‌സും ഒരു പോലെയാണ്. അവർ ഓരോദിവസവും മെച്ചപ്പെട്ടുകൊണ്ടെയിരിക്കുകയാണ്. ” ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ പറഞ്ഞു. മോർഗന്റെ ഈ പ്രസ്‌താവന ആരാധകർക്ക് ട്രോളിനുള്ള നല്ല അവസരമാണ് ഒരുക്കിയത്. രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജുവിന് ഒരു റോളും ഇല്ലെന്നും ആരാധകർ ചോദിക്കുന്നുണ്ട്.