Skip to content

ഒരു സിക്സിനെ കുറിച്ച് മാത്രം സംസാരിക്കുന്നതെന്തിന് ?! ആ ഒരു വ്യക്തി മാത്രമാണ് ഞങ്ങൾക്ക് ലോകകപ്പ് നേടി തന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ; രൂക്ഷമായ വിമർശനവുമായി ഗംഭീർ

2011 ഇതേ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഏകദിന ലോകക്കപ്പ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ഇന്ത്യയിൽ വെച്ച് നടന്ന ലോകക്കപ്പിൽ ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് വീണ്ടുമൊരു ലോകക്കപ്പിനയുള്ള നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നോട്ട് വെച്ച 275 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഗംഭീറിന്റെയും (97) ധോണിയുടെയും (91) ഇന്നിംഗ്സ് കരുത്തിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. സിക്സിലൂടെ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

കഴിഞ്ഞ വർഷം ഇതേവേളയിൽ ധോണിയുടെ ഫിനിഷിങ് സിക്സ് ഫോട്ടോ പങ്കുവെച്ച് ലോകക്കപ്പ് വിജയം ആഘോഷിച്ച ഒരു പേജിനെതിരെ സോഷ്യൽ മീഡിയയിൽ ഗംഭീർ വിമർശനവുമായി എത്തിയിരുന്നു. മൊത്തം ഇന്ത്യൻ ടീമും ചേർന്നാണ് ലോകക്കപ്പ് നേടിയേതെന്നായിരുന്നു മറുപടി. ഇപ്പോഴിതാ ഈ വിവാദ വിഷയത്തിൽ വിശദീകരണവുമായി ഗംഭീർ രംഗത്തെത്തിയിരിക്കുകയാണ്.

” ഒരു വ്യക്തി മാത്രമാണ് ഞങ്ങൾക്ക് ലോകകപ്പ് നേടിയതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരു വ്യക്തിക്ക് ലോകകപ്പ് നേടാൻ കഴിയുമായിരുന്നെങ്കിൽ, ഇന്ത്യക്ക് ഇതുവരെയുള്ള എല്ലാ ലോകകപ്പുകളും നേടാൻ കഴിയുമായിരുന്നു. നിർഭാഗ്യവശാൽ, ഇന്ത്യയിൽ, വ്യക്തികളെ ആരാധിക്കുക മാത്രമാണ് ചെയ്യുന്നത്. ഞാൻ അതിൽ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഒരു ടീം കായികരംഗത്ത്, വ്യക്തികൾക്ക് സ്ഥാനമില്ല. ഇതെല്ലാം ഓരോ താരങ്ങളുടെയും സംഭാവനകളെക്കുറിച്ചാണ്. ” ഗംഭീർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

” സഹീർ ഖാന്റെ സംഭാവന നിങ്ങൾക്ക് മറക്കാൻ കഴിയുമോ? ഫൈനലിൽ അദ്ദേഹത്തിന്റെ ആദ്യ സ്പെൽ, അവിടെ തുടർച്ചയായി മൂന്ന് മെയ്ഡൻ എറിഞ്ഞത്? ഓസ്‌ട്രേലിയയ്‌ക്കെതിരെ യുവരാജ് സിംഗ് ചെയ്തത് മറന്നോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സച്ചിൻ സച്ചിൻ നേടിയ സെഞ്ച്വറി? എന്തുകൊണ്ടാണ് നിങ്ങൾ ഒരു സിക്സിനെ മാത്രം ഓർമ്മിക്കുന്നത്? ” ഗംഭീർ പറഞ്ഞു.

” ഒരു സിക്‌സിന് ലോകകപ്പ് നേടാൻ കഴിയുമെങ്കിൽ, യുവരാജ് സിംഗ് ഇന്ത്യയ്ക്കായി ആറ് ലോകകപ്പുകൾ നേടിയിരിക്കണം, കാരണം ഒരു ഓവറിൽ ആറ് സിക്സറുകൾ അടിച്ചു (2007 ഇംഗ്ലണ്ടിനെതിരെ ഡർബനിൽ നടന്ന ലോക ടി20). യുവരാജിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. 2011 ലോകകപ്പിൽ ‘ മാൻ ഓഫ് ദി ടൂർണമെന്റ് ‘ആയിരുന്നു അദ്ദേഹം. എന്നിട്ടും നിങ്ങൾ ആ സിക്സിനെ കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്നു. ” അദ്ദേഹം പറഞ്ഞു.