Skip to content

ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവും ഇഷാൻ കിഷനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരും. സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ലയെങ്കിലും മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇരുവരുടെയും അരങ്ങേറ്റം ആരാധകർക്ക് സന്തോഷം പകർന്നുവെങ്കിലും ഇക്കാര്യം മറ്റൊരു തരത്തിൽ മുംബൈ ഇന്ത്യൻസ് തിരിച്ചടിയാണ്.

( Picture Source : Twitter )

കഴിഞ്ഞ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി ഇഷാൻ കിഷനും സൂര്യകുമാർ യാദവും കാഴ്ച്ചവെച്ചത്. ഇഷാൻ കിഷൻ 13 ഇന്നിങ്സിൽ നിന്നും 516 റൺസ് നേടിയപ്പോൾ സൂര്യകുമാർ യാദവ് 15 ഇന്നിങ്സിൽ നിന്നും 480 റൺസ് നേടിയിരുന്നു.

വരുന്ന സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമെങ്കിലും തൊട്ടടുത്ത സീസണിൽ ഇരുവർക്കും മുംബൈ ഇന്ത്യൻസിൽ തുടരാൻ സാധിച്ചേക്കില്ല. 2022 സീസണിന് മുൻപായി മെഗാ ലേലം നടക്കുന്നതിനാൽ മൂന്ന് ക്യാപ്പഡ് താരങ്ങളെ മാത്രമേ ടീമുകൾക്ക് നിലനിർത്താൻ സാധിക്കൂ.

( Picture Source ; Twitter Bcci )

ക്യാപ്റ്റൻ രോഹിത് ശർമ്മ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരെയായിരിക്കും ആ ഘട്ടത്തിൽ മുംബൈ ഇന്ത്യൻസ് നിലനിർത്തുക. ലേലത്തിലാകട്ടെ റൈറ്റ് ടൂ മാച്ച് കാർഡ് ( Rtm) ഉപയോഗിച്ച് ഒരു വിദേശ താരത്തെയും ഒരു അൺക്യാപ്പഡ് താരത്തെയും മാത്രമാണ് ടീമിൽ തിരിച്ചെത്തിക്കാൻ സാധിക്കുക.

ലേലത്തിൽ വൻതുക മുടക്കിയെങ്കിൽ മാത്രമേ ഇരുവരെയും ടീമിൽ തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിക്കൂ. സീസണിൽ 2 പുതിയ ടീമുകകൾ കൂടി എത്തുന്നതിനാൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഈ വെല്ലുവിളി അത്ര എളുപ്പമാകില്ല.