Skip to content

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ കോഹ്ലിയുടെയും അരങ്ങേറ്റ താരം ഇഷാൻ കിഷന്റെയും മികവിലാണ് ഇന്ത്യ 7 വിക്കറ്റിന്റെ വിജയം നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ റെക്കോർഡ് കോഹ്ലി തകർത്തു.

( Picture Source : Twitter / Bcci )

മത്സരത്തിൽ 49 പന്തിൽ 5 ഫോറും 3 സിക്സുമുൾപ്പടെ 73 റൺസ് നേടി കോഹ്ലി പുറത്താകാതെ നിന്നിരുന്നു. അന്താരാഷ്ട്ര ടി20യിലെ കോഹ്ലിയുടെ കോഹ്ലിയുടെ 26 ആം ഫിഫ്റ്റിയാണിത്. കൂടാതെ അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 12,000 റൺസും വിരാട് കോഹ്ലി പൂർത്തിയാക്കി. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനും (15,440) മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിനും (14,878) ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 12,000 റൺസ് നേടുന്ന ബാറ്റ്‌സ്മാനാണ് കോഹ്ലി.

( Picture Source : Twitter /Bcci )

വെറും 226 ഇന്നിങ്സിൽ നിന്നും ക്യാപ്റ്റനായി 12,000 റൺസ് നേടിയ കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനും കൂടിയാണ്. 282 ഇന്നിങ്‌സിൽ നിന്നും ക്യാപ്റ്റനായി 12,000 റൺസ് നേടിയ റിക്കി പോണ്ടിങിന്റെ റെക്കോർഡാണ് കോഹ്ലി തകർത്തത്.

അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി കോഹ്ലി നേടുന്ന 10 ആം ഫിഫ്റ്റി കൂടിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം കോഹ്ലി രണ്ടാം സ്ഥാനത്തെത്തി. 11 ഫിഫ്റ്റി നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ഇരുവർക്കും മുൻപിലുള്ളത്.

( Picture Source : Twitter / Bcci )