Skip to content

ഞാൻ ഇന്ത്യൻ സെലക്ടറായിരുന്നെങ്കിൽ രഹാനെയെ ക്യാപ്റ്റനാക്കിയേനെ ; മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ

താനായിരുന്നു ഇന്ത്യൻ സെലക്ടറെങ്കിൽ കോഹ്ലിയെ ഒഴിവാക്കി അജിങ്ക്യ രഹാനെയെ ഇന്ത്യൻ ക്യാപ്റ്റനാക്കുമായിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ ലീ. രഹാനെ ക്യാപ്റ്റനായാൽ ടീമിൽ നിന്നും കൂടുതൽ മികച്ച പ്രകടനമുണ്ടാകുമെന്നും ഷെയ്ൻ ലീ പറഞ്ഞു.

” രഹാനെയുടെ കീഴിൽ പൂർണ്ണമായും ശാന്തമായ ടീമിനെ കാണാൻ സാധിക്കുന്നു, ഞാനായിരുന്നു ഇന്ത്യൻ സെലക്ടറെങ്കിൽ രഹാനെയെ ടീമിന്റെ ക്യാപ്റ്റനാക്കി കോഹ്ലിയെ ബാറ്റിങിൽ മാത്രം ശ്രദ്ധിക്കാൻ അനുവദിക്കുമായിരുന്നു. രഹാനെ ക്യാപ്റ്റനായാൽ ടീമിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട പ്രകടനമുണ്ടാകുമെന്നുറപ്പാണ്. ” ഷെയ്ൻ ലീ പറഞ്ഞു.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി പരാജയപെട്ട ശേഷം പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ തകർപ്പൻ തിരിച്ചുവരവാണ് രഹാനെയുടെ കീഴിൽ ഇന്ത്യ നടത്തിയത്.

മെൽബണിൽ 8 വിക്കറ്റിന്റെ വിജയം നേടി ഓസ്‌ട്രേലിയക്കൊപ്പമെത്തിയ ഇന്ത്യ മൂന്നാം മത്സരത്തിൽ സമനില പിടിക്കുകയും നാലാം മത്സരത്തിൽ ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയായ ഗാബ തകർത്ത് പരമ്പര 2-1 സ്വന്തമാക്കുകയും ചെയ്തു.

” ഈ സിരീസിൽ 21 താരങ്ങൾ റൊട്ടേറ്റ് ചെയ്യപ്പെടുന്നത് കണ്ടു, അവസരം ലഭിച്ച ഓരോ താരവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്, അതൊരു മികച്ച ക്യാപ്റ്റന് കീഴിലെ നടക്കൂ ” ഷെയ്ൻ ലീ കൂട്ടിച്ചേർത്തു.