Skip to content

ഇംഗ്ലണ്ട് ഒരു ടെസ്റ്റിൽ പോലും വിജയിക്കില്ല, കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഒന്നിൽ പോലും വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്.

” ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവരുടെ സ്പിൻ ബൗളിങ് നിര അത്തരത്തിലുള്ളതാണ് ” ഗൗതം ഗംഭീർ പറഞ്ഞു.

” പരമ്പര 3-0 നോ 3-1 നോ ഇന്ത്യ സ്വന്തമാക്കും, പിങ്ക് ബോൾ ടെസ്റ്റിൽ മാത്രമാണ് ഞാൻ ഇംഗ്ലണ്ടിന് സാധ്യത കാണുന്നത്. ” ഗംഭീർ കൂട്ടിച്ചേർത്തു.

ശ്രീലങ്കയിൽ ഒരു ഡബിൾ സെഞ്ചുറിയും സെഞ്ചുറിയും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് ആ ഫോം തുടരാൻ സാധിച്ചേക്കില്ലയെന്നും ബുംറയും അശ്വിനുമടങ്ങിയ ബൗളിങ് നിരയെ നേരിടുകയെന്നത് റൂട്ടിന് കനത്ത വെല്ലുവിളിയാക്കുമെന്നും ഗംഭീർ പറഞ്ഞു.

” ജോ റൂട്ടിനെ പോലെയുള്ള ഒരു ബാറ്റ്‌സ്മാന് ഇത് തീർത്തും വ്യത്യസ്തമായ വെല്ലുവിളിയായിരിക്കും. അവൻ ശ്രീലങ്കയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ച എന്നാൽ ഓസ്‌ട്രേലിയയിലെ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന അശ്വിനെയും ജസ്പ്രീത് ബുംറയെയും നേരിടുകയെന്നത് റൂട്ടിന് വലിയ വെല്ലുവിളിയാകും ” ഗൗതം ഗംഭീർ പറഞ്ഞു.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം ; രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (c), അജിങ്ക്യ രഹാനെ, റിഷാബ് പന്ത്, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ.