Skip to content

ഞങ്ങളുടെ പക്കലും മികച്ച സ്പിന്നർമാരുണ്ട്, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ജോഫ്രാ ആർച്ചർ

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ. ഫാസ്റ്റ് ബൗളർമാർക്ക് കൂടെ അനുകൂലമായ പിച്ചുകളാണ് പരമ്പരയിൽ തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഇനി മറിച്ചാണെങ്കിൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്താൻ പോന്ന സ്പിന്നർമാർ ഇംഗ്ലണ്ടിനുണ്ടെന്നും ആർച്ചർ പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര കൂടാതെ 5 മത്സരങ്ങളുടെ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും പര്യടനത്തിലുണ്ട്.

” ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇന്ത്യയിൽ കളിക്കുന്നത്, അതുകൊണ്ട് തന്നെ ഈ പരമ്പര എനിക്കൊരു വെല്ലുവിളി തന്നെയാണ് ” ആർച്ചർ പറഞ്ഞു.

” ഐ പി എല്ലിൽ ബാറ്റ്‌സ്മാന്മാർ നിങ്ങളെ ആക്രമിച്ചുകളിക്കും, അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മുഴുവൻ സെഷനിൽ അവർക്ക് വേണമെങ്കിൽ പൂർണ്ണമായും ബാറ്റ് ചെയ്യാൻ സാധിക്കും, പിച്ച് മോശമാണെങ്കിൽ നിങ്ങൾക്ക് ഒന്നും തന്നെ ചെയ്യാനാകില്ല. ” ആർച്ചർ പറഞ്ഞു.

” അതുകൊണ്ട് ബൗളർമാർക്ക് കുറച്ചെങ്കിലും പേസ് നൽകുന്ന വിക്കറ്റ് ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, ഇനി ടേൺ നൽകുന്ന പിച്ചാണെങ്കിൽ പോലും മത്സരങ്ങൾ ഏകപക്ഷീയമാകുകയില്ല, കാരണം മികച്ച സ്പിന്നർമാർ ഞങ്ങളുടെ പക്കലുമുണ്ട് ” ആർച്ചർ കൂട്ടിച്ചേർത്തു.