Skip to content

എന്തുകൊണ്ടാണ് കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയത് ; രഹാനെ പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അജിങ്ക്യ രഹാനെ. സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും കളിക്കാൻ സാധിക്കാതിരുന്നിട്ടും നാലാം മത്സരത്തിൽ കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല. വാഷിങ്ടൺ സുന്ദറാകട്ടെ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

” അത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു, കാരണം സ്പിന്നറായി കുൽദീപ് ടീമിലുണ്ടായിരുന്നു പ്ലേയിങ് ഇലവനിൽ അവനും സ്ഥാനമർഹിച്ചിരുന്നു. എന്നാൽ ആ ടെസ്റ്റിൽ മികച്ച കോമ്പിനേഷൻ കണ്ടെത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ” രഹാനെ പറഞ്ഞു.

” പ്ലേയിങ് ഇലവനിൽ വാഷിങ്ടൺ സുന്ദറെത്താനുള്ള കാരണം അവന്റെ ബാറ്റിങാണ്. അഞ്ച് ബൗളർമാരെ കളിപ്പിക്കുന്നതെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു അവൻ ആ സാധ്യതയും ഞങ്ങൾക്ക് നൽകി. അവനൊരു മികച്ച ബാറ്റ്‌സ്മാനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു അതവൻ തെളിയിക്കുകയും ചെയ്തു. ” രഹാനെ കൂട്ടിച്ചേർത്തു.

നാലാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ 62 റൺസും രണ്ടാം ഇന്നിങ്‌സിൽ 22 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ സുന്ദർ നിർണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തിൽ നാല് വിക്കറ്റും സുന്ദർ സ്വന്തമാക്കിയിരുന്നു.

അവസരം ലഭിച്ചില്ലയെങ്കിലും കുൽദീപ് യാദവ് തങ്ങളുടെ ടീമിന്റെ നിർണായക ഘടകമാണെന്നും ഭാവിയിൽ അവന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും രഹാനെ പറഞ്ഞു.

” ടീമിലെ കുൽദീപിന്റെ സാന്നിധ്യം നിർണായകമാണ്, ഭാവിയിൽ ടീമിന്റെ വലിയ ഭാഗമായി അവൻ മാറും, കളിക്കാരുടെ ആത്മവിശ്വാസവും കഴിവും വർധിപ്പിക്കുന്നതിന് ഞാൻ പ്രാധാന്യം നൽകുന്നുണ്ട്. ” രഹാനെ പറഞ്ഞു.