Skip to content

ഇത് അവൻ വളർത്തിയെടുത്ത ടീം, ഇതെല്ലാം കോഹ്ലിയുടെ പരിശ്രമത്തിന്റെ ഫലം ; രവി ശാസ്ത്രി

ആദ്യ മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര നേട്ടത്തിൽ വിരാട് കോഹ്ലിക്കും പങ്കുണ്ടെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ടീമിനെ വളർത്തിയെടുക്കുന്നതിൽ കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി കോഹ്ലിയെടുത്ത പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചതെന്നും രവി ശാസ്ത്രി പറഞ്ഞു.

വിരാട് കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത്. മെൽബണിൽ എട്ട് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ സിഡ്‌നിയിൽ സമനില നേടുകയും ഗാബയിൽ മൂന്ന് വിക്കറ്റിന്റെ ആവേശവിജയം നേടി ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു.

” ഈ ടീമിന്റെ മനസാന്നിധ്യം അസാധാരണമാണ്. ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായിട്ട് പോലും പരമ്പരയിൽ തിരിച്ചെത്താനാകുമെന്ന് അവർക്ക് വിശ്വാസമുണ്ടായിരുന്നു, ശരീരം കൊണ്ട് കോഹ്ലി ഇല്ലായിരുന്നുവെങ്കിലും അവന്റെ സാന്നിധ്യം പരമ്പരയിലുടനീളം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു, കാരണം ഈ ടീം ഒരൊറ്റ രാത്രി കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. 5-6വർഷത്തോളമെടുത്താണ് ഈ ടീം വളർത്തിയെടുത്തത്. കോഹ്ലിയുടെ കാരക്ടറാണ് ടീമിൽ മാറ്റം കൊണ്ടുവന്നത് ” രവി ശാസ്ത്രി പറഞ്ഞു.

” കോഹ്ലിയുടെ അഭാവത്തിൽ രഹാനെയാണ് ടീമിനെ നയിച്ചത്. അവൻ പുറത്ത് ശാന്തനായി തോന്നുമെങ്കിലും ഉള്ളിൽ ഒരു യഥാർത്ഥ പോരാളിയാണ്. വിരാട് കോഹ്ലി ഇന്ത്യയിലേക്ക് പോയ ശേഷം ടീമിനെ അവൻ കൈകാര്യം ചെയ്ത രീതി അവിശ്വസനീയമാണ് ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കിയതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ പരാജയപെട്ട ഓസ്‌ട്രേലിയയാകട്ടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപെട്ടു.

ഐസിസി റാങ്കിങിലാകട്ടെ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലാൻഡാണ് ഒന്നാം സ്ഥാനത്ത്.