Skip to content

ഗാബയിൽ ഓസ്‌ട്രേലിയക്ക് പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ

തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ നേടിയത്. മൂന്ന് വിക്കറ്റിന്റെ ആവേശവിജയമാണ് ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയായ ഗാബയിൽ ഇന്ത്യ നേടിയത്. 328 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചതും ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തത്. ഇതോടെ ഓസ്‌ട്രേലിയയുടെ 70 വർഷം നീണ്ട റെക്കോർഡ് ടീം ഇന്ത്യ തകർക്കുകയും ചെയ്തു.

ടെസ്റ്റിൽ ഗാബയിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസാണിത്. ഇതിനുമുൻപ് ആതിഥേയരായ ഓസ്‌ട്രേലിയക്ക് പോലും ഈ സ്റ്റേഡിയത്തിൽ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കാൻ സാധിച്ചിട്ടില്ല.

1951 ൽ വെസ്റ്റിൻഡീസിനെതിരെ 236 റൺസ് പിന്തുടർന്ന വിജയച്ചതായിരുന്നു ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്നത്. ഇതിനുമുൻപ് 1976 ൽ വെസ്റ്റിൻഡീസിനെതിരെ 403 റൺസും 2008 ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 387 റൺസും ഇന്ത്യ പിന്തുടർന്ന് വിജയിച്ചിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ് കൂടിയാണിത്. ഇതിനുമുൻപ് 2008 ൽ സൗത്താഫ്രിക്കയാണ് ഓസ്‌ട്രേലിയൻ മണ്ണിൽ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചത്.

32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗാബയിൽ ഓസ്‌ട്രേലിയ പരാജയപെടുന്നത്. 1988 ൽ വെസ്റ്റിൻഡീസാണ് ഇതിനുമുൻപ് ഓസ്‌ട്രേലിയയെ ഗാബയിൽ പരാജയപെടുത്തുന്നത്. ഗാബയിൽ ഇന്ത്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്.