Skip to content

സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഗൗതം ഗംഭീർ

മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചത്. ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ട്ലറും ബെൻ സ്റ്റോക്സും ടീമിൽ ഉണ്ടായിരിക്കെ സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനാക്കിയത്.

” എന്റെ അഭിപ്രായത്തിൽ സഞ്ജു ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാറായിട്ടില്ല, ഞാനായിരുന്നെങ്കിൽ ജോസ് ബട്ട്ലറെയായിരിക്കും ക്യാപ്റ്റനായി നിയമിക്കുക. രാജസ്ഥാന് വേണ്ടി 14 മത്സരങ്ങളും അവൻ കളിക്കും. സാംസൺ അടുത്തിടെയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ സ്ഥാനം അവനെ സമ്മർദത്തിലാക്കും ” ഗൗതം ഗംഭീർ പറഞ്ഞു.

കഴിഞ്ഞ സീസണിൽ സ്റ്റീവ് സ്മിത്തിന്റെ കീഴിൽ അവസാന സ്ഥാനക്കാരായാണ് രാജസ്ഥാൻ റോയൽസ് ഫിനിഷ് ചെയ്തത്. ബാറ്റ്‌സ്മാനെന്ന നിലയിലും കഴിഞ്ഞ സീസണിൽ മികവ് പുറത്തെടുക്കാൻ സ്മിത്തിന് സാധിച്ചില്ല. 25.91 ശരാശരിയിൽ 14 മത്സരങ്ങളിൽ നിന്നും 311 റൺസ് നേടാനെ സ്മിത്തിന് സാധിച്ചുള്ളു.

സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയ തീരുമാനം രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയതുപോലെ വിജയിച്ചേക്കാമെങ്കിലും ഒരുപക്ഷെ ഈ തീരുമാനം ടീമിന് കൂടുതൽ തിരിച്ചടിയായിരിക്കുമെന്നും ഉത്തരവാദിത്വം സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുമെന്നും ജോസ് ബട്ട്ലറെ ഒരു സീസണിൽ ക്യാപ്റ്റനാക്കിയ ശേഷം സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം കൈമാറണമായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.

സ്റ്റീവ് സ്മിത്തിന് പുറമെ ടോം കറൺ, വരുൺ ആരോൺ, ഒഷെയ്ൻ തോമസ്, ആകാശ് സിങ്, അനിരുദ്ധ ജോഷി, അങ്കിത് രാജ്പൂത്, ശശാങ്ക് സിങ് എന്നിവരെയും രാജസ്ഥാൻ റോയൽസ് ഒഴിവാക്കി.

സഞ്ജു സാംസൺ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, രാഹുൽ തിവാട്ടിയ, ശ്രേയസ് ഗോപാൽ, ജോഫ്ര ആർച്ചർ, റിയൻ പരാഗ്, കാർത്തിക് ത്യാഗി, ഡേവിഡ് മില്ലർ, ജയദേവ് ഉനാദ്കട്, മഹിപാൽ ലോമർ, യശസ്വി ജൈസ്വൽ, മായങ്ക് മാർഖണ്ഡേ, ആൻഡ്രൂ ടൈ, മനൻ വോഹ്ര, റോബിൻ ഉത്തപ്പ, അനുജ് റവത്. എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്.