Skip to content

അവന്റെ നോ ബോളുകളെല്ലാം ഓവറിലെ ആദ്യ പന്തിൽ, നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് ഷെയ്ൻ വോൺ

ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ നാലാം ദിനത്തിൽ കമന്ററിയ്ക്കിടെയാണ് നടരാജന്റെ നോ ബോളുകളിൽ വോൺ സംശയം പ്രകടിപ്പിച്ചത്.

” നടരാജൻ ബൗൾ ചെയ്യുന്നതിനിടയ്ക്ക് ഒരു പ്രധാനപ്പെട്ട കാര്യം എന്റെ കണ്ണിൽ പെട്ടു. ഈ മത്സരത്തിൽ 7 നോ ബോളുകൾ അവനെറിഞ്ഞു. അതെല്ലാം വലുതുമാണ്. ” ഫോക്‌സ് ക്രിക്കറ്റ് ചാനൽ കമന്ററിയിൽ വോൺ പറഞ്ഞു.

” അതിൽ അഞ്ചെണ്ണമാകട്ടെ ഓവറിലെ ആദ്യ പന്തിൽ. അവൻ ക്രീസിൽ നിന്നും മൈലുകൾ അകലെയാണ്, അത് വളരെ വ്യത്യസ്തമായി തോന്നി, അഞ്ചെണ്ണം ഓവറിലെ ആദ്യ പന്തിലാണ്. അത് വളരെ വ്യത്യസ്തമായി തോന്നുന്നു. ” വോൺ കൂട്ടിച്ചേർത്തു.

സ്പോട്ട് ഫിക്സിങ് സൂചനകളാണ് ഷെയ്ൻ വോൺ വളഞ്ഞ വഴിയിലൂടെ കമന്ററിയിലൂടെ വ്യക്തമാക്കിയത്. ഇതിനുപുറകെ വോണിനെതിരെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

നെറ്റ് ബൗളറായി ഓസ്‌ട്രേലിയൻ പര്യടനത്തിനെത്തിയ നടരാജൻ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെ ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു. ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തോടെ റെഡ് ബോൾ ക്രിക്കറ്റിലും നടരാജൻ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു.

ഒരു പര്യടനത്തിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും നടരാജൻ സ്വന്തമാക്കിയിരുന്നു.