Skip to content

തകർത്താടി റിഷാബ് പന്ത്, ഓസ്‌ട്രേലിയയുടെ വിജയകോട്ട തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഗബ്ബയിൽ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്. 32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗബ്ബയിൽ ഓസ്‌ട്രേലിയ പരാജയപെടുന്നത്.

രണ്ടാം ഇന്നിങ്സിൽ 328 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ട്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. 138 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന റിഷാബ് പന്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

യുവതാരം ശുഭ്മാൻ ഗിൽ 91 റൺസും ചേതേശ്വർ പുജാര 56 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഓസ്‌ട്രേലിയക്ക് വേണ്ടി 4 വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസ് മാത്രമാണ് തിളങ്ങിയത്.

നേരത്തെ 5 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജാണ് ഓസ്‌ട്രേലിയയെ 294 റൺസിലൊതുക്കിയത്. ഷാർദുൽ താക്കൂർ നാല് വിക്കറ്റ് നേടി സിറാജിന് മികച്ച പിന്തുണ നൽകി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി എട്ട് വിക്കറ്റിന് പരാജയപെട്ട ശേഷമാണ് ഇന്ത്യ പരമ്പരയിൽ ശക്തമായി തിരിച്ചെത്തിയത്.

മെൽബണിൽ നടന്ന രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയ ഇന്ത്യ സിഡ്‌നിയിൽ നടന്ന മത്സരം സമനിലയിലാക്കുകയും ചെയ്തു. ഗബ്ബയിൽ നടന്ന അവസാന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 33 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചെത്തിയത്.