Skip to content

ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിന് കാരണം അദ്ദേഹം, മൈക്കൽ വോൺ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിന്റെ തകർപ്പൻ തിരിച്ചുവരവിന് കാരണം ഹെഡ് കോച്ച് രവി ശാസ്ത്രിയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി വൻ പരാജയം ഏറ്റുവാങ്ങിയ ശേഷം കോഹ്ലിയില്ലാഞ്ഞിട്ട് പോലും അവിശ്വസനീയ തിരിച്ചുവരവാണ് ഇന്ത്യൻ ടീം നടത്തിയത്.

മെൽബണിൽ നടന്ന രണ്ടാം മത്സരത്തിൽ 8 വിക്കറ്റിന്റെ വിജയം നേടി പരമ്പരയിൽ ആതിഥേയർക്കൊപ്പനെത്തിയ ഇന്ത്യ മൂന്നാം മത്സരത്തിൽ വിജയത്തിന് സമാനമായ സമനിലയും നേടിയെടുത്തു. നാലാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് മത്സരം സമനിലയിലാക്കിയാൽ പോലും ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്താൻ സാധിക്കും.

2017 ൽ അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് രവി ശാസ്ത്രി ഇന്ത്യൻ ഹെഡ് കോച്ചായത്. രവി ശാസ്ത്രിയുടെ കീഴിലാണ് ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. പിന്നീട് സൗത്താഫ്രിക്കയിലും ഇംഗ്ലണ്ടിലും ഏകദിന പരമ്പര നേടുവാനും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടി20 പരമ്പര നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഏകദിന ലോകകപ്പിൽ സെമിഫൈനലിലെത്താനും രവി ശാസ്ത്രിയുടെ കീഴിൽ ഇന്ത്യയ്ക്ക് സാധിച്ചു.

” രവി ശാസ്ത്രി ഇന്ത്യൻ ടീമിനെ കൈകാര്യം ചെയ്യുന്ന രീതി ഞാൻ ശരിക്കും ആസ്വദിക്കുന്നു. വിരാട് കോഹ്ലി പോയി കഴിഞ്ഞിട്ടും അവരുടെ തിരിച്ചുവരവിൽ ക്രെഡിറ്റ് അർഹിക്കുന്നത് അദ്ദേഹത്തിനാണ് ” വോൺ പറഞ്ഞു.