Skip to content

ഫീൽഡിങ്ങിലും അപൂർവ നേട്ടത്തിൽ ഇടം പിടിച്ച് രോഹിത് ശർമ്മ

ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സിൽ 328 റൺസ് വിജയലക്ഷ്യം. യുവതാരങ്ങളുടെ ബോളിങ് മികവിൽ ഇന്ത്യ ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിംഗ്‌സിൽ 294 റൺസിൽ ഒതുക്കുകയായിരുന്നു. ഗാബ പിച്ചിൽ അവസാന ദിനം ബാറ്റ് ചെയ്യുക ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ദുർഘടമായിരിക്കും. അഞ്ചാം ദിനം മഴയ്ക്കും സാധ്യതയുള്ളതിനാൽ സമനിലയ്ക്കാകും ഇന്ത്യ ശ്രമിക്കുക.

328 റണ്‍സിലേക്ക് ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. വീണ്ടും മഴ വില്ലനായതിനെ തുടര്‍ന്ന് കളി നിര്‍ത്തി വച്ച സമയത്ത് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയില്‍. രോഹിത് ശര്‍മയാണ് നാല് റണ്‍സെടുത്തത്.

പരിക്ക് ഭേദമായി ടെസ്റ്റ് സീരീസിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമ്മ ബാറ്റിങ്ങിൽ കരുത്തായി മാറിയിരുന്നു. ഇപ്പോഴിതാ ഫീൽഡിങ്ങിലും റെക്കോർഡിട്ട് ഹിറ്റ്മാൻ. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ സ്ലിപ്പിൽ കോർഡനിൽ നിന്ന് 5 ക്യാച്ചുകളാണ് എടുത്തത്. ഇതോടെ ഇതിഹാസങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചത്.

ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്നിങ്‌സില്‍ അഞ്ച് പേരെ ക്യാച്ചെടുത്ത് മടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ത്യൻ താരങ്ങൾ നിരവധി ക്യാച്ചുകൾ പാഴാക്കി പഴിക്കേട്ട സീരീസിലാണ് രോഹിത് ശർമയുടെ ഈ നേട്ടം. ഓസ്‌ട്രേലിയയുടെ മുൻ നിര താരങ്ങളുടെ ക്യാച്ചാണ് രോഹിത് വീണ്ടും അവസരം നൽകാതെ ഭദ്രമാക്കിയത്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ടിം പെയ്ന്‍, മാര്‍നസ് ലബുഷെയ്ന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരെയാണ് ഹിറ്റ്മാന്‍ കൈയിലൊതുക്കിയത്.

1969-70ല്‍ ഏകനാഥ് സോള്‍കര്‍, 1991-92ല്‍ കൃഷ്ണമാചാരി ശ്രീകാന്ത്, 1997-98ല്‍ രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഒരിന്നിങ്‌സില്‍ അഞ്ച് ഓസീസ് താരങ്ങളെ ക്യാച്ചെടുത്ത് മടക്കി റെക്കോര്‍ഡിട്ട മറ്റ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍.