Skip to content

പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. 9 ഫോറും 2 സിക്സുമടക്കം 67 റൺസ് നേടിയ ഷാർദുൽ താക്കൂറിന്റെയും 62 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിന്റെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടിയത്. ഈ തകർപ്പൻ പ്രകടനത്തിന് പ്രചോദനമായത് കോച്ച് രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണെന്ന് പ്രസ്സ് കോൺഫറൻസിൽ താക്കൂർ പറഞ്ഞു.

” ബാറ്റ് ചെയ്യാനെത്തിയപ്പോൾ കാണികൾ ഓസ്‌ട്രേലിയൻ ബൗളർമാർക്ക് വേണ്ടി ആർപ്പുവിളിക്കുകയായിരുന്നു. അപ്പോൾ രവി ശാസ്ത്രി പറഞ്ഞ വാക്കുകൾ ഞാനോർത്തു. ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അവർ ( കാണികൾ ) നിങ്ങളെ ഇഷ്ട്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതായിരുന്നു പിന്നീട് എന്റെ മനസ്സിൽ, അതാകട്ടെ ഇന്ത്യയെ സഹായിക്കുകയും ചെയ്യും. ” താക്കൂർ പറഞ്ഞു.

” ഒരുപാട് പ്രതിരോധിച്ച് കളിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ കൂട്ടുകെട്ട് മുന്നോട്ട് പോയതോടെ ഗബ്ബയിൽ കൃത്യമായ ബൗൺസുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. പിന്നീട് മോശം ഡെലിവറികൾ ബൗണ്ടറി കടത്താൻ ഞങ്ങൾ ശ്രമിച്ചു. ഇതൊരു നീണ്ട പര്യടനമായിരുന്നു, അതുകൊണ്ട് തന്നെ അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് വെല്ലുവിളിയായിരുന്നു. ഈ മത്സരമാണ് പരമ്പരയുടെ വിജയികളെ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ കഴിവിന്റെ 100 ശതമാനം ടീമിന് വേണ്ടി നൽകണം. ” താക്കൂർ കൂട്ടിച്ചേർത്തു.

” ബാറ്റിങിനിടെ ഓസ്‌ട്രേലിയൻ താരങ്ങൾ എന്നോട് സംസാരിച്ചിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ മറുപടി നൽകിയത്. അവർ സാധാരണ ചോദ്യങ്ങളാണ് ചോദിച്ചത്. അവർ സ്ലെഡ്‌ജ്‌ ചെയ്യുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ പോലും അതെന്നെ ബാധിക്കുകയില്ലായിരുന്നു. ” താക്കൂർ പറഞ്ഞു.

67 റൺസ് നേടിയ താക്കൂറും 62 റൺസ് നേടിയ വാഷിങ്ടൺ സുന്ദറും ചേർന്ന് നേടിയ 123 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 336 റൺസെന്ന മികച്ച സ്കോറിലെത്തിച്ചതും ഓസ്‌ട്രേലിയയുടെ ലീഡ് 33 റൺസ് മാത്രമാക്കി ചുരുക്കിയതും.