Skip to content

രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ നാലാം മത്സരത്തിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 44 റൺസ് നേടി മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന രോഹിത് ശർമ്മ സ്പിന്നർ നേഥൻ ലയണിന്റെ ഓവറിൽ അറ്റാക്കിങ് ഷോട്ടിന് ശ്രമിക്കവെയാണ് പുറത്തായത്.

പുറത്തായതിന് തൊട്ടുമുൻപുള്ള പന്തിൽ ലയണിനെതിരെ രോഹിത് ബൗണ്ടറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അതേ ഓവറിൽ വീണ്ടും ബൗണ്ടറിയ്ക്ക് ശ്രമിച്ച് പുറത്തായതാണ് സുനിൽ ഗാവസ്‌കറെ ചൊടിപ്പിച്ചത്.

” അതൊരു അനാവശ്യ ഷോട്ടാണ്, ആ ഷോട്ട് നിരുത്തരവാദമാണ്, ലോങ് ഓണിൽ ഫീൽഡറുണ്ടായിരുന്നു, ഡീപ് സ്ക്വയർ ലെഗിലും ഫീൽഡറുണ്ടായിരുന്നു. അവൻ രണ്ട് പന്തുകൾക്ക് മുൻപ് ബൗണ്ടറി നേടിയിരുന്നു, പിന്നെന്തിനാണ് അവനാ ഷോട്ട് കളിച്ചത്. അവനൊരു മുതിർന്ന താരമാണ്, അതുകൊണ്ട് യാതൊരു എക്സ്ക്യൂസും പറയാൻ സാധിക്കില്ല ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

” അത് നോക്കൂ എന്തൊരു എളുപ്പമുള്ള ക്യാച്ച് ആണെന്ന്, തീർച്ചയായും അനാവശ്യ വിക്കറ്റ്, ഓസ്‌ട്രേലിയക്ക് അവൻ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഇത് ടെസ്റ്റ് ക്രിക്കറ്റാണ്, മികച്ച തുടക്കം ലഭിച്ചാൽ അത് സെഞ്ചുറിയാക്കി മാറ്റണം. പ്രത്യേകിച്ച് എതിർടീം 369 റൺസ് നേടിയതിനാൽ ” സുനിൽ ഗവാസ്‌കർ കൂട്ടിച്ചേർത്തു.

മൂന്നാം ടെസ്റ്റിലും മികച്ച തുടക്കം ലഭിച്ചിട്ടും മുതലെടുക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ 26 റൺസ് നേടിയ രോഹിത് ശർമ്മ രണ്ടാം ഇന്നിങ്സിൽ 50 റൺസ് നേടിയാണ് പുറത്തായത്.