Skip to content

വിക്കറ്റിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് , വിമർശനവുമായി മാർക്ക് വോയും ഷെയ്ൻ വോണും

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ വിക്കറ്റിന് പുറകിലെ സ്ലെഡ്ജിങിനെതിരെ വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ മാർക്ക് വോയും ഷെയ്ൻ വോണും. പന്തിന്റെ സ്ലെഡ്ജിങ് ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും ഇക്കാര്യത്തിൽ അമ്പയർമാർ ഇടപെടണമെന്നും ഇരുവരും പറഞ്ഞു.

” വിക്കറ്റ് കീപ്പർ സംസാരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ ബൗളർ പന്തെറിയാൻ തയ്യാറെടുത്താൽ നിങ്ങൾ പിന്നെ സംസാരിക്കാൻ നിൽക്കരുത്. ” മാർക്ക് വോ പറഞ്ഞു.

” ഇത്തരം സാഹചര്യങ്ങളിൽ അമ്പയർമാർ ഇടപെടണമെന്നാണ് എന്റെ അഭിപ്രായം. അത് കളിക്കാരുടെ കയ്യിലല്ല. മത്സരത്തിന്റെ നിയന്ത്രണം അമ്പയർമാർ ഏറ്റെടുക്കേണ്ടതുണ്ട്. കാര്യങ്ങൾ കൂടുതൽ കൈവിട്ടുപോകാതെ നോക്കേണ്ടത് അമ്പയർമാരാണ് ” മാർക്ക് വോ കൂട്ടിച്ചേർത്തു.

” റിഷാബ് പന്ത് സ്ലെഡ്ജ് ചെയ്യുന്നതിൽ എനിക്ക് എതിർപ്പില്ല. സഹതാരങ്ങൾക്കൊപ്പം വിക്കറ്റിന് പുറകിൽ അവൻ ചിരിച്ച് ആസ്വദിക്കുന്നു. എന്നാൽ ബൗളർ പന്തെറിയാൻ തയ്യാറെടുത്താൽ സംസാരം നിർത്തി ബാറ്റ്‌സ്മാന് ശ്രദ്ധിക്കാനുള്ള അവസരം അവൻ നൽകണം ” ഷെയ്ൻ വോൺ പറഞ്ഞു.

സമനിലയിൽ കലാശിച്ച മൂന്നാം ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 67 പന്തിൽ 36 റൺസ് നേടിയ പന്ത്‌ രണ്ടാം ഇന്നിങ്സിൽ 118 പന്തിൽ 97 റൺസ് നേടിയിരുന്നു.