Skip to content

അവൻ ഇന്ത്യയുടെ പുതുപ്രതീക്ഷ, നടരാജനെ പ്രശംസിച്ച് രോഹിത് ശർമ്മ

ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജനെ പ്രശംസിച്ച് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മ. സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ന്റെയടക്കം മൂന്ന് വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ നടരാജൻ നേടിയിരുന്നു. നായരാജന് പുറമെ ഷാർദുൽ താക്കൂറും വാഷിങ്ടൺ സുന്ദറും മൂന്ന് വിക്കറ്റ് വീതം നേടിയിരുന്നു.

” നടരാജൻ ഞങ്ങളുടെ പുതിയ പ്രതീക്ഷയാണ്. വൈറ്റ് ബോൾ ഫോർമാറ്റിൽ ബൗളിങിൽ അച്ചടക്കം അവൻ പാലിച്ചിരുന്നു. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസം അവൻ ഓസ്‌ട്രേലിയക്കെതിരെയും കാണിച്ചു. പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലെത്തിയ അവൻ ആദ്യ സ്പെല്ലിൽ തന്നെ വളരെ കൃത്യതയോടെയാണ് പന്തെറിഞ്ഞത് ” രോഹിത് ശർമ്മ പറഞ്ഞു.

” അവൻ അവന്റെ ബൗളിങിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് നമുക്ക് പറയാൻ സാധിക്കും. അതാണ് ഇന്ത്യയ്ക്ക് വേണ്ടതും, അവനിൽ നിന്ന് എന്താണോ നമ്മൾ പ്രതീക്ഷിക്കുന്നത് അത് തന്നെയാണ് അവൻ ചെയ്യുവാൻ ശ്രമിക്കുന്നത്. എനിക്ക് തോന്നുന്നു അവൻ ഇന്ത്യയുടെ വലിയ പ്രതീക്ഷ തന്നെയാണ് ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

നടരാജനൊപ്പം അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച വാഷിങ്ടൺ സുന്ദറിനെ അഭിനന്ദിക്കാനും രോഹിത് ശർമ്മ മറന്നില്ല.

” സെയ്‌നി പുറത്തുപോയപ്പോൾ എളുപ്പത്തിൽ റൺസ് നേടാൻ അനുവദിക്കാതെ ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ മികച്ച പിച്ചായതിനാൽ തന്നെ ഇവിടെ റൺസ് സ്കോർ ചെയ്യാൻ എളുപ്പമായിരുന്നു. എന്നാൽ ആദ്യ ടെസ്റ്റ് മത്സരം ആയിരുന്നിട്ട് കൂടി ഇരുവരും അച്ചടക്കത്തോടെ പന്തെറിഞ്ഞു. തീർച്ചയായും ടീം അവരിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. നടരാജനും സുന്ദറും അത് പാലിക്കുകയും ചെയ്തു. ” രോഹിത് ശർമ്മ പറഞ്ഞു.