Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ടി നടരാജൻ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ടി നടരാജൻ. അരങ്ങേറ്റ മത്സരത്തോടെ മറ്റൊരു ഇന്ത്യൻ താരത്തിനും നേടുവാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ തമിഴ്നാട്ടുക്കാരൻ.

ഓസ്‌ട്രേലിയയിലേക്ക് നെറ്റ് ബൗളറായി ടീമിലെത്തിയ നടരാജൻ ഏകദിനത്തിലും ടി20യിലും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. ഇതോടെ ഒരു പര്യടനത്തിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വനേട്ടം നടരാജൻ സ്വന്തമാക്കി.

ആദ്യ ദിനത്തിലെ ആദ്യ രണ്ട് സെഷനുകളിൽ വിക്കറ്റ് നേടാൻ സാധിക്കാതിരുന്ന നടരാജൻ അവസാന സെഷനിൽ സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്നെയും മാത്യൂ വേഡിനെയും പുറത്താക്കി തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.

ഏകദിന പരമ്പരയിൽ നടരാജൻ കളിച്ച മത്സരത്തിൽ മാത്രമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ 2-1 ന് സ്വന്തമാക്കിയ ടി20 പരമ്പരയിലാകട്ടെ 6 വിക്കറ്റ് നേടി മികച്ച പ്രകടനം നടരാജൻ പുറത്തെടുത്തു.

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടിയിട്ടുണ്ട്. 28 റൺസ് നേടിയ കാമറോൺ ഗ്രീനും 38 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്നുമാണ് ക്രീസിലുള്ളത്.

108 റൺസ് നേടിയ മാർനസ് ലാബുഷെയ്നാണ് തുടക്കത്തിൽ തകർന്ന ഓസ്‌ട്രേലിയയെ രക്ഷിച്ചത്. സ്റ്റീവ് സ്മിത്ത് 36 ഉം മാത്യൂ വേഡ് 45 റൺസും നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയ നടരാജന് പുറമെ മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.