Skip to content

സ്മിത്തിനെ ഒഴിവാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്, ക്യാപ്റ്റനായി സഞ്ജു സാംസൺ ?

ഐ പി എൽ പതിനാലാം സീസണ് മുൻപായി നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഐ പി എൽ പ്രഥമസീസൺ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ്.

സിഡ്‌നി ടെസ്റ്റിലെ വിവാദങ്ങൾ കൂടെ കണക്കിലെടുത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും റോയൽസിന്റെ ക്യാപ്റ്റനും കൂടിയായ സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയെന്നുമാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സീസണിൽ നായകനെന്ന നിലയിൽ മോശം പ്രകടനമാണ് സ്മിത്ത് കാഴ്ച്ചവെച്ചത്. ബാറ്റ്‌സ്മാനെന്ന നിലയിലും കാര്യമായ സ്വാധീനം ചെലുത്താൻ സ്മിത്തിന് സാധിച്ചതുമില്ല. സീസണിൽ അവസാന സ്ഥാനക്കാരായാണ് റോയൽസ് ഫിനിഷ് ചെയ്തത്.

സ്മിത്ത് ടീമിൽ നിന്നും പുറത്താകുന്നതോടെ മലയാളി താരം സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് റോയൽസ് പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ. ടീമിലെ പരിചയസമ്പന്നനായ ഇന്ത്യൻ താരമെന്ന നിലയിലാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ നായകനായി പരിഗണിക്കുന്നത്.

ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ എന്നിവർ ടീമിലുണ്ടെങ്കിലും ഒരു ഇന്ത്യൻ താരത്തെ ക്യാപ്റ്റനാക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.

സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ രാജസ്ഥാൻ ടീമിലെത്തിക്കണമെന്നാണ് ആരാധകർ ആവശ്യപെടുന്നത്. 12 കോടിയ്ക്കാണ് കഴിഞ്ഞ മൂന്ന് സീസണുകളിൽ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്. ലേലത്തിൽ വിട്ട് റൈറ്റ് ടു മാച്ച് കാർഡ് വഴി കുറഞ്ഞ വിലയ്ക്ക് സ്മിത്തിനെ രാജസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയേക്കും.