Skip to content

ഇന്ത്യയിലേക്ക് വരൂ, അതായിരിക്കും നിന്റെ അവസാന സിരീസ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റന് തകർപ്പൻ മറുപടി നൽകി രവിചന്ദ്രൻ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ തന്നെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന് തകർപ്പൻ മറുപടി നൽകി ഇന്ത്യൻ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ അഞ്ചാം ദിനത്തിൽ ഹനുമാ വിഹാരിയ്ക്കൊപ്പം അശ്വിൻ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ പരാജയത്തിൽ നിന്നും രക്ഷിച്ചത്. പുറത്താകാതെ 128 പന്തിൽ 39 റൺസ് അശ്വിൻ നേടിയിരുന്നു.

സ്പിന്നർ നേഥൻ ലയണെ അശ്വിൻ നേരിടവേയാണ് വിക്കറ്റിന് പിന്നിൽ ടിം പെയ്ൻ സ്ലെഡ്‌ജ് ചെയ്യാൻ ആരംഭിച്ചത്.

ഗബ്ബയിൽ അശ്വിനെത്തുന്നത് തനിക്ക് കാത്തിരിക്കാനാകില്ലെന്ന് പറഞ്ഞ ടിം പെയ്ന് അശ്വിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു…

” എനിക്കും നീ ഇന്ത്യയിലേക്ക് വരുന്നത് കാത്തിരിക്കാനാകില്ല, അതായിരിക്കും നിന്റെ അവസാന സിരീസ് ” അശ്വിൻ പറഞ്ഞു.

128 പന്തിൽ പുറത്താകാതെ 38 റൺസ് നേടിയ അശ്വിന്റെയും 161 പന്തിൽ 23 റൺസ് നേടിയ ഹനുമാ വിഹാരിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയത്തിന് സമാനമായ സമനില നേടിയെടുത്തത്. ഓസ്‌ട്രേലിയ ഉയർത്തിയ 407 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 334 റൺസ് നേടിയാണ് മത്സരം അവസാനിപ്പിച്ചത്.

അവസാന സെഷനിൽ വിക്കറ്റ് നേടുവാൻ പേരുകേട്ട ഓസ്‌ട്രേലിയൻ ബൗളിങ് നിരയ്ക്ക് സാധിച്ചതുമില്ല. ലഭിച്ച മൂന്നിലധികം ക്യാച്ചുകൾ വിട്ടുകളഞ്ഞതും ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി.

118 പന്തിൽ 97 റൺസ് നേടിയ റിഷാബ് പന്ത്, 205 പന്തിൽ 77 റൺസ് നേടിയ ചേതേശ്വർ പുജാര എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.