Skip to content

തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി റിഷാബ് പന്ത്

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്. സമനിലയിൽ അവസാനിച്ച മത്സരത്തിൽ 118 പന്തിൽ 97 റൺസ് നേടി മികച്ച പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. ബൗണ്ടറികളിലൂടെ ഓസ്‌ട്രേലിയൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കിയ പന്ത് നാലാം വിക്കറ്റിൽ പുജാരയ്ക്കൊപ്പം 148 റൺസ് കൂട്ടിച്ചേർത്തിരുന്നു.

മത്സരത്തിലെ പ്രകടനത്തോടെ ഓസ്‌ട്രേലിയയിൽ നാലാം ഇന്നിങ്സിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് പന്ത്‌ സ്വന്തമാക്കി. 33 വർഷങ്ങൾക്ക് മുൻപ് തന്റെ 23 ആം വയസ്സിൽ മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലി നേടിയ റെക്കോർഡാണ് പന്ത് തകർത്തത്.

77 റൺസ് നേടിയ ചേതേശ്വർ പുജാരയും പന്തും ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ അവസരത്തിനൊത്തുയർന്ന ഹനുമാ വിഹാരിയും രവിചന്ദ്രൻ അശ്വിനും പിന്നീട് വിക്കറ്റുകൾ നൽകാതെ മത്സരം സമനിലയിലെത്തിക്കുകയായിരുന്നു.

ഹനുമാ വിഹാരി 161 പന്തും 23 റൺസും രവിചന്ദ്രൻ അശ്വിൻ 128 പന്തിൽ 39 റൺസും നേടി. കൂട്ടുകെട്ടിൽ 256 പന്തുകൾ ഇരുവരും ചേർന്ന് നേരിട്ടിരുന്നു.

സമനിലയായ ഒരു ടെസ്റ്റ് മത്സരത്തിലെ നാലാം ഇന്നിങ്സിലെ ഇന്ത്യയുടെ ഏറ്റവും നീണ്ട രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയാണിത്.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണ് മാൻ ഓഫ് ദി മാച്ച്.

ജനുവരി 15 ന് ബ്രിസ്ബനിലാണ് പരമ്പരയിലെ അവസാന മത്സരം.