Skip to content

സിറാജിനെതിരായ വംശീയാധിക്ഷേപം ; പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾക്കെതിരായ വംശീയാധിക്ഷേപങ്ങളെ അപലപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ജസ്പ്രീത് ബുംയ്ക്കും, മൊഹമ്മദ് സിറാജിനും നേരെയുണ്ടായ വംശീയാധിക്ഷേപങ്ങളെ തുടർന്ന് ഇന്നലെ ഇന്ത്യ പരാതി നൽകിയിരുന്നു. എന്നാൽ നാലാം ദിനത്തിലും സിറാജിനെതിരെ കാണികളിൽ നിന്നും മോശം പെരുമാറ്റമുണ്ടാകുകയും ആറോളം കാണികളെ പോലീസ് സ്റ്റേഡിയത്തിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു.

” വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബൗണ്ടറി ലൈനുകളിൽ വളരെ മോശമായ വാക്കുകൾ കേട്ടിട്ടുണ്ട്‌. എന്നാലിത് ചട്ടമ്പിതരത്തിന്റെ അങ്ങേയറ്റമാണ്. കളിക്കളത്തിൽ ഇത് സംഭവിച്ചതിൽ വിഷമമുണ്ട് ” ട്വിറ്ററിൽ കോഹ്ലി കുറിച്ചു.

ഈ സംഭവത്തിൽ ഇന്ത്യൻ ടീമിനോട് ക്ഷമ ചോദിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറ്റക്കാരായ കാണികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉറപ്പുനൽകി.

മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയ പിടിമുറുക്കികൊണ്ടിരിക്കുകയാണ്. 407 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്.

9 റൺ നേടിയ ചേതേശ്വർ പുജാരയും 4 റൺ നേടിയ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ 81 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 73 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 84 റൺസ് നേടിയ യുവതാരം കാമറോൺ ഗ്രീൻ, 39 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ, നവദീപ് സെയ്‌നി എന്നിവർ 2 വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.