Skip to content

അവൻ ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നു, പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാരയെ പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. പുജാര ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നുവെന്നും റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കുന്നില്ലയെന്നും അലൻ ബോർഡർ പറഞ്ഞു.

സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 176 പന്തിൽ നിന്നാണ് പുജാര ഫിഫ്റ്റി നേടിയത്. പുജാരയുടെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി കൂടിയാണിത്. ഇതിനുപുറകെ താരത്തിന്റെ ബാറ്റിങ് ശൈലിയ്ക്കെതിരെ മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയടക്കമുള്ള താരങ്ങൾ വിമർശനമുന്നയിച്ചിരുന്നു.

” പുജാര ഷോട്ടുകൾ കളിക്കാൻ ഏറെക്കുറെ ഭയപ്പെടുകയാണ്. റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കാതെ ക്രീസിൽ നിലയുറപ്പിക്കാൻ വേണ്ടി മാത്രമാണ് അവൻ ശ്രമിക്കുന്നത്. ” അലൻ ബോർഡർ പറഞ്ഞു.

” ഈ പരമ്പരയിൽ ഒരു സ്വാധീനമുണ്ടാക്കാൻ പുജാരയ്ക്ക് സാധിച്ചിട്ടില്ല, കാരണം അവൻ റൺസ് സ്കോർ ചെയ്യാൻ ഒരുപാട് സമയമെടുക്കുന്നു. ക്രീസിൽ കെട്ടിയിട്ട പോലെയാണ് അവന്റെ പ്രകടനം, അത് ഇന്ത്യൻ ബാറ്റിങ് നിരയെ വിപരീതമായാണ് ബാധിക്കുന്നത്. കാരണം ഓസ്‌ട്രേലിയൻ ബൗളിങ് നിരയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് സാധിക്കുന്നില്ല. ” അലൻ ബോർഡർ കൂട്ടിച്ചേർത്തു.

പുജാരയെ കൂടാതെ ഫിഫ്റ്റി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും, 36 റൺസ് നേടിയ റിഷാബ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 244 റൺസിന് പുറത്തായ ഇന്ത്യ 94 റൺസിന്റെ ലീഡ് വഴങ്ങുകയും ചെയ്തു.

നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 103 റൺസ് നേടിയിട്ടുണ്ട്.

കഴിഞ്ഞ പര്യടനത്തിൽ 521 റൺസ് നേടിയ പുജാരയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.