Skip to content

ടെസ്റ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 131 റൺസ് നേടിയ സ്മിത്ത് 81 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകത്ത റെക്കോർഡ് സ്റ്റീവ് സ്മിത്ത് സ്വന്തമാക്കുകയും ചെയ്തു.

ഇത് പത്താം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും സ്റ്റീവ് സ്മിത്ത് നേടുന്നത്. ഇതോടെ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിനെ പിന്നിലാക്കി ഏറ്റവും കൂടുതൽ തവണ ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി.

സെഞ്ചുറിയ്ക്ക് 19 റൺസ് അകലെ രവിചന്ദ്രൻ അശ്വിനാണ് സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത്.

സ്റ്റീവ് സ്മിത്തിനൊപ്പം 84 റൺസ് നേടിയ കാമറോൺ ഗ്രീൻ, 73 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ എന്നിവരുടെ മികവിൽ 312 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

407 റൺസിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുൻപിൽ ഉയർത്തിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്. 9 റൺ നേടിയ ചേതേശ്വർ പുജാരയും 4 റൺ നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

52 റൺസ് നേടിയ രോഹിത് ശർമ്മ, 31 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.