Skip to content

പുജാരയുടെ ബാറ്റിങിനെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാരയുടെ ബാറ്റിങ് ശൈലിയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. പുജാരയുടേത് ശരിയായ സമീപനമല്ലയെന്നും പുജാരയുടെ മെല്ലെപോക്ക് മറ്റു ബാറ്റ്‌സ്മാന്മാർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി റിക്കി പോണ്ടിങ് പറഞ്ഞു.

നേരിട്ട ആദ്യ 100 പന്തിൽ 16 റൺസ് മാത്രമാണ് പുജാര നേടിയത്. 33 ആം പന്തിലാണ് പുജാര ആദ്യ റൺ നേടിയത്. 176 പന്തിൽ 50 റൺസ് നേടിയ പുജാരയെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.

” പുജാരയുടെ ബാറ്റിങിനെ എങ്ങനെയാണ് വിലയിരുത്തുന്നത്. ബാറ്റിങിന് അത്രയും അനുകൂലമായ പിച്ചിൽ ആദ്യ 100 പന്തിൽ 16 റൺസ്, ഇത് ശരിയായ സമീപനമാണോ ? ” ആരാധകൻ ചോദിച്ചു.

” ഇത് ശരിയായ സമീപനമാണെന്ന് എനിക്ക് തോന്നുന്നില്ല. സ്കോറിങ് റേറ്റിൽ പുജാര കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. കാരണം അവന്റെ മെല്ലെപോക്ക് മറ്റുള്ള ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്നു. ” പോണ്ടിങ് മറുപടി നൽകി.

ആദ്യ ഇന്നിങ്സിൽ 244 റൺസ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളു. 50 റൺസ് നേടിയ പുജാരയ്ക്കും ശുഭ്മാൻ ഗില്ലിനും പുറമെ 36 റൺസ് നേടിയ റിഷാബ് പന്തും 28 റൺസ് നേടിയ രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും ജോഷ് ഹേസൽവുഡ് 2 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും നേടി.

94 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനികുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടിയിട്ടുണ്ട്.

47 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 29 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.