CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

നീയാരുടെ ഫാനാണ്, സച്ചിന്റെയോ കോഹ്ലിയുടെയോ ബാറ്റിങിനിടെ ഗില്ലിനോട് മാർനസ് ലാബുഷെയ്ൻ

വീണ്ടും ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായി കളിക്കളത്തിലെ താരങ്ങൾ തമ്മിലുള്ള സംഭാഷണം. കഴിഞ്ഞ മത്സരത്തിൽ മാത്യൂ വേഡും റിഷാബ് പന്തും തമ്മിലുള്ള വാക്ക്പോരാണ് ആരാധകർ ഏറ്റെടുത്തതെങ്കിൽ ഇക്കുറി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ശ്രദ്ധ തെറ്റിക്കാനുള്ള മാർനസ് ലാബുഷെയ്ന്റെ ശ്രമമാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്.

മത്സരത്തിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിനിടെ ഗിൽ ബാറ്റ് ചെയ്യവേയാണ് ലാബുഷെയ്ൻ രസകരമായ ചോദ്യങ്ങൾ ഇന്ത്യൻ യുവതാരത്തിനോട് ചോദിച്ചത്.

ആരാണ് നിന്റെ ഇഷ്ട്ടപ്പെട്ട കളിക്കാരനെന്ന ലാബുഷെയ്ന്റെ ചോദ്യത്തിന് അത് നിന്നോട് മത്സരശേഷം പറയാമെന്നാണ് ഗിൽ മറുപടി നൽകിയത്. സച്ചിനോ അതോ കോഹ്ലിയോ ? എന്ന ലാബുഷെയ്ന്റെ തുടർന്നുള്ള ചോദ്യങ്ങൾക്ക് ഗിൽ മറുപടി നൽകിയതുമില്ല.

ഗില്ലിന്റെ ശ്രദ്ധ തിരിക്കാനുള്ള ലാബുഷെയ്ന്റെ തന്ത്രം അത്ര ഫലം കണ്ടില്ല. 101 പന്തുകൾ നേരിട്ട ഗിൽ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ ഫിഫ്റ്റി നേടിയാണ് പുറത്തായത്.

നീണ്ട നാളത്തെ ക്വാറന്റീന് ശേഷം ടീമിലെത്തിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെയും ലാബുഷെയ്ൻ വെറുതെ വിട്ടില്ല. ക്വാറന്റീനിൽ എന്തായിരുന്നു പരിപാടിയെന്നായിരുന്നു രോഹിത് ശർമ്മയോടുള്ള ഓസ്‌ട്രേലിയൻ താരത്തിന്റെ ചോദ്യം.

ആദ്യ ഇന്നിങ്സിൽ 91 റൺസ് നേടി മികച്ച പ്രകടനം ലാബുഷെയ്ൻ പുറത്തെടുത്തിരുന്നു. രവീന്ദ്ര ജഡേജയാണ് സെഞ്ചുറിയ്ക്ക് 9 റൺ അകലെ ലാബുഷെയ്നെ പുറത്താക്കിയത്. ലാബുഷെയ്ന് സെഞ്ചുറി നഷ്ട്ടമായെങ്കിലും ആദ്യ 2 മത്സരങ്ങളിൽ നിറംമങ്ങിയ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 27 ആം സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തി.