സിഡ്നിയിൽ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർക്ക് നേരെ വംശീയാധിക്ഷേപം. മത്സരം കാണാനെത്തിയ കാണികളിൽ നിന്നാണ് ഇരുവരും വംശീയാധിക്ഷേപം നേരിട്ടത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലുമാണ് സംഭവം അരങ്ങേറിയത്.

മൂന്നാം ദിനത്തിന് ശേഷം ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ആർ അശ്വിനുമടക്കമുള്ള സീനിയർ താരങ്ങളാണ് ഇക്കാര്യം അമ്പയർമാരായ പോൾ വിൽസനോടും പോൾ റെയ്ഫലിനോടും പറഞ്ഞത്.

അഞ്ച് മിനിറ്റോളം താരങ്ങളുമായും സെക്യൂരിറ്റി ട്ടഉദ്യോഗസ്ഥരുമായും അമ്പയർമാർ ചർച്ച നടത്തി. വരുന്ന ദിവസങ്ങളിൽ സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്ന നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടന്നേക്കും.

അതിനിടെ മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കികൊണ്ടിരിക്കുകയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 244 റൺസിന് പുറത്താക്കി 94 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 103 റൺസ് നേടിയിട്ടുണ്ട്.

47 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 29 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയ ശുഭ്മാൻ ഗില്ലും ചേതേശ്വർ പുജാരയും 36 റൺസ് നേടിയ റിഷാബ് പന്തുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും ജോഷ് ഹേസൽവുഡ് 2 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും നേടി.

പരമ്പരയിൽ ഒന്ന് വീതം വിജയം നേടിയ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.