Skip to content

തകർപ്പൻ സെഞ്ചുറിയോടെ സച്ചിനെയും കോഹ്ലിയെയും പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്ലിയുടെയും റെക്കോർഡ് തകർത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. 226 പന്തിൽ 131 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. ടെസ്റ്റ് കരിയറിലെ സ്മിത്തിന്റെ 27 ആം സെഞ്ചുറിയാണിത്.

തകർപ്പൻ പ്രകടനത്തിന് പുറകെ ഡോൺ ബ്രാഡ്മാന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി. 136 ആം ഇന്നിങ്സിൽ 27 സെഞ്ചുറി നേടിയ സ്മിത്ത് 141 ഇന്നിങ്സുകളിൽ നിന്നും 27 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്ലിയുടെയും റെക്കോർഡാണ് തകർത്തത്.

70 ഇന്നിങ്സിൽ നിന്നാണ് ഡോൺ ബ്രാഡ്മാൻ 27 സെഞ്ചുറി നേടിയത്.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറി നേടിയ ബാറ്റ്‌സ്മാന്മാർ

  1. ഡോൺ ബ്രാഡ്മാൻ – 70 ഇന്നിങ്‌സ്
  2. സ്റ്റീവ് സ്മിത്ത് – 136 ഇന്നിങ്‌സ്
  3. വിരാട് കോഹ്ലി – 141 ഇന്നിങ്‌സ്
  4. സച്ചിൻ ടെണ്ടുൽക്കർ – 141 ഇന്നിങ്‌സ്

ഇന്ത്യയ്ക്കെതിരായ സ്റ്റീവ് സ്മിത്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. 131 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 91 റൺസ് നേടിയ മാർനസ് ലാബുഷെയ്ന്റെയും മികവിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ 338 റൺസ് നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി എന്നിവർ 2 വിക്കറ്റ് വീതവും മൊഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്. 9 റൺ നേടിയ ചേതേശ്വർ പുജാരയും 5 റൺ നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

50 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 26 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്. ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസുമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി വിക്കറ്റ് നേടിയത്.