Skip to content

സിക്സിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയടിച്ച് ഹിറ്റ്മാൻ, സ്വന്തമാക്കിയത് ചരിത്രനേട്ടം

സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങിനിറങ്ങി 77 പന്തുകൾ നേരിട്ട രോഹിത് ശർമ്മ 26 റൺസ് നേടിയാണ് പുറത്തായത്.

മൂന്ന് ഫോറും ഒരു സിക്സും പുറത്താകുന്നതിന് മുൻപ് രോഹിത് ശർമ്മ നേടിയിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ 100 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീമിനെതിരെ 100 സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരെ 130 സിക്സ് നേടിയിട്ടുള്ള ക്രിസ്‌ ഗെയ്ലാണ് ഈ റെക്കോർഡ് ആദ്യമായി സ്വന്തമാക്കിയത്.

എന്നാൽ ഇംഗ്ലണ്ടിനെതിരെ 75 ഇന്നിങ്സിൽ നിന്നാണ് ക്രിസ് ഗെയ്ൽ 100 സിക്സ് പറത്തിയത്. രോഹിത് ശർമ്മയാകട്ടെ വെറും 67 ഇന്നിങ്സിൽ നിന്നാണ് ഓസ്‌ട്രേലിയക്കെതിരെ 100 സിക്സ് നേടിയത്.

63 സിക്സ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും 61 സിക്സ് നേടിയ മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലവുമാണ് ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്ക് പുറകിലുള്ളത്.

ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ വിദേശ ബാറ്റ്‌സ്മാനെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ പേരിലാണ്. 49 സിക്സുകൾ ഓസ്‌ട്രേലിയൻ മണ്ണിൽ രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 424 സിക്സ് നേടിയ രോഹിത് ശർമ്മ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനും ഷാഹിദ് അഫ്രീദിയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണ്. ഈ റെക്കോർഡും ഹിറ്റ്മാൻ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.