Skip to content

ലോകത്തിൽ മറ്റുള്ളവരേക്കാൾ ക്യാച്ചുകൾ അവൻ വിട്ടുകളഞ്ഞിട്ടുണ്ടാകും ; റിക്കി പോണ്ടിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ പന്ത്‌ വരുത്തിയ പിഴവുകളാണ് ഐ പി എൽ പന്ത് കളിക്കുന്ന ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ കൂടിയായ പോണ്ടിങിനെ നിരാശപ്പെടുത്തിയത്.

തുടർച്ചയായി രണ്ട് തവണയാണ് ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയൻ യുവതാരം വിൽ പുകോവ്സ്കിയുടെ ക്യാച്ച് പന്ത് പാഴാക്കിയത്.

” ഇന്നവൻ വിട്ടുകളഞ്ഞതിൽ ഒരു ക്യാച്ച് പിടിക്കേണ്ടത് തന്നെയായിരുന്നു. പുക്കോവ്സ്കി പിന്നീട് ഒരു സെഞ്ചുറിയോ ഡബിൾ സെഞ്ചുറിയോ നേടാതിരുന്നത് പന്തിന്റെ ഭാഗ്യമാണ്. എനിക്കുറപ്പുണ്ട് ക്യാച്ച് വിട്ടതിൽ ഏറ്റവും നിരാശൻ അവൻ തന്നെയാകും. ” പോണ്ടിങ് പറഞ്ഞു.

” ഞാൻ ഇക്കാര്യം മുൻപേ പറഞ്ഞിട്ടുണ്ട്. പന്തിന്റെ പോരായ്മ അവന്റെ വിക്കറ്റ് കീപ്പിങ് തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് ശേഷം ലോകത്തിലെ മറ്റേത് കീപ്പറേക്കാൾ കൂടുതൽ ക്യാച്ച് അവൻ വിട്ടിട്ടുണ്ടാകും. ” പോണ്ടിങ് കൂട്ടിച്ചേർത്തു.

പന്തിന്റെ പിഴവിൽ ലഭിച്ച അവസരം വിനിയോഗിച്ച അരങ്ങേറ്റക്കാരൻ പുക്കോവ്സ്കി 62 റൺസ് നേടിയാണ് പുറത്തായത്. അതിനൊപ്പം തന്നെ മാർനസ് ലാബുഷെയ്നൊപ്പം ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടും യുവതാരം പടുത്തുയർത്തി.

പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ചരേക്കറും രംഗത്തെത്തി. താനായിരുന്നു ക്യാപ്റ്റനെങ്കിൽ പന്തിനോട് വായടച്ച് കണ്ണുതുറന്ന് കീപ്പിങിൽ ശ്രദ്ധിക്കുവാൻ പറയുമായിരുന്നുവെന്ന് സഞ്ജയ് മഞ്ചരേക്കർ തുറന്നടിച്ചു.