Skip to content

വായടച്ച് വെച്ച് കണ്ണുതുറക്കൂ, റിഷാബ് പന്തിനോട് മുൻ ഇന്ത്യൻ താരം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ വരുത്തിയ പിഴവുകൾക്ക് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. റിഷാബ് പന്തിന്റെ പിഴവുകൾക്ക് കാരണം താരത്തിന്റെ അശ്രദ്ധയാണെന്നും വിക്കറ്റിന് പിന്നിലെ സംസാരം റിഷാബ് പന്ത് കുറയ്ക്കണമെന്നും സഞ്ജയ്‌ മഞ്ചരേക്കർ പറഞ്ഞു.

ആദ്യ ഇന്നിങ്സിൽ രണ്ട് തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ വിൽ പുക്കോവ്സ്കിയുടെ ക്യാച്ച് റിഷാബ് പന്ത് വിട്ടുകളഞ്ഞത്. ലഭിച്ച അവസരം മുതലാക്കിയ പുക്കോവ്സ്കി മാർനസ് ലാബുഷെയ്നൊപ്പം 100 റൺസിന്റെ നിർണായക കൂട്ടുകെട്ടും പടുത്തുയർത്തി. 60 റൺസ് നേടിയാണ് താരം പുറത്തായത്.

” സ്പിന്നർമാരുടെ ഓവറിൽ നിങ്ങൾ ക്യാച്ച് വിട്ടുകളഞ്ഞാൽ അതിന് കാരണം ടെക്നിക്കിന്റെ പ്രശ്നമല്ല, അത് ശ്രദ്ധകുറവ് മൂലമാണ്. അവിടെ അധികം ഡിഫ്ലക്ഷൻ ഉണ്ടായിരുന്നില്ല, പന്താകട്ടെ അവന്റെ ഗ്ലൗസിൽ തട്ടുകയും ചെയ്തു. എനിക്ക് തോന്നുന്നു അവന്റെ മനസ്സ് മറ്റെവിടെയോ ആണ് ” സഞ്ജയ് മഞ്ചരേക്കർ പറഞ്ഞു.

” വിക്കറ്റിന് പിന്നിൽ സംസാരിച്ചുകൊണ്ട് അവൻ അശ്വിന് ഉപദേശം നൽകുമ്പോൾ എനിക്ക് ഭയമാണ് തോന്നുന്നത്. സംസാരം കുറച്ചുകൊണ്ട് കൂടുതൽ ശ്രദ്ധ അവൻ നൽകണം, കാരണം വിക്കറ്റ് കീപ്പിങിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സംസാരിച്ചുകൊണ്ട് ശ്രദ്ധിച്ച് ക്യാച്ച് എടുക്കാൻ അവന് സാധിക്കുമെങ്കിൽ എനിക്ക് പ്രശ്നമില്ലാ, എന്നാൽ ഞാനായിരുന്നു ഇപ്പോൾ ക്യാപ്റ്റനെങ്കിൽ വായടച്ച് വെച്ച് കണ്ണുതുറക്കാൻ അവനോട് പറയുമായിരുന്നു. ” സഞ്ജയ്‌ മഞ്ചരേക്കർ കൂട്ടിച്ചേർത്തു.