Skip to content

ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ, ഉമേഷ് യാദവിന് പകരക്കാരനായി നടരാജൻ, വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ. മെൽബണിൽ നടന്ന രണ്ടാം മത്സരത്തിനിടെ പരിക്ക് പറ്റിയ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന് പകരക്കാരനായി ടി നായരാജൻ ടീമിലെത്തി.

പര്യടനത്തിൽ ഏകദിന അരങ്ങേറ്റവും ടി20 അരങ്ങേറ്റവും കുറിച്ച നടരാജന് ഈ പര്യടനത്തിൽ തന്നെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ്‌ ലഭിച്ചിരിക്കുന്നത്.

നേരത്തെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ മൊഹമ്മദ് ഷാമിയ്ക്ക് പകരക്കാരനായി ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

മെൽബൺ ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന്‌ പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളിലും കളിക്കാൻ സാധിക്കുകയില്ലയെന്നും ഉമേഷ് യാദവും ഷാമിയും ചികിത്സയ്ക്കായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിക്കുമെന്നും ബിസിസിഐ ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.

നെറ്റ് ബൗളറായാണ് നടരാജനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചു.

രണ്ടാം ടെസ്റ്റിന് ശേഷം ടീമിനൊപ്പം ചേർന്ന രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ചേതേശ്വർ പുജാരയായിരുന്നു രണ്ടാം മത്സരത്തിലെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടെസ്റ്റ് ടീം

അജിങ്ക്യ രഹാനെ (c), രോഹിത് ശർമ്മ (vc), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പുജാര, ഹനുമാ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ(wk), റിഷാബ് പന്ത് (wk), നവദീപ് സെയ്നി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ടി നടരാജൻ.