Skip to content

‘ രണ്ട് ലോകക്കപ്പ് കൂടി കളിക്കണം ‘ : വിരമിക്കൽ എപ്പോഴെന്ന് വെളിപ്പെടുത്തി ക്രിസ് ഗെയ്ൽ

പപ്രായം തളർത്താത്ത അപൂർവം ചില താരങ്ങളിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസിന്റെ ‘ യൂണിവേഴ്‌സൽ ബോസ് ‘ ക്രിസ് ഗെയ്ൽ. പ്രായം 41ൽ എത്തിയെങ്കിലും അത് വെറും നമ്പർ മാത്രമാണെന്ന് ഇതിനോടകം പല അവസരങ്ങളിലും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് വർഷമെങ്കിലും വിരമിക്കലിനെക്കുറിച്ച് തനിക്ക് പദ്ധതിയില്ലെന്ന് ക്രിസ് ഗെയ്ലിന്റെ വെളിപ്പെടുത്തൽ. ഇനി വരാനിരിക്കുന്ന രണ്ട് ടി20 ലോകക്കപ്പുകൾ കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
41 ക്കാരനായ ഗെയ്ൽ അവസാനമായി വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏകദിനത്തിൽ കളിച്ചത് 2019 ജനുവരിയിൽ ഇന്ത്യയ്‌ക്കെതിരെ ഹോം സീരീസിലാണ്, ടി20 അതേവർഷം മാർച്ചിലുമാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ കളിക്കാതിരുന്ന ഗെയ്ൽ അവസാനം കളിച്ച മത്സരങ്ങളിൽ കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് അർധസെഞ്ച്വറികൾ ഉൾപ്പെടെ 288 റൺസ് നേടിയ അദ്ദേഹം സീസൺ അവസാനിച്ചത് 41.14 ശരാശരിയോടെയും 137.14 സ്ട്രൈക്ക് റേറ്റോടെയുമാണ്.

” ഇപ്പോൾ വിരമിക്കൽ പദ്ധതികളൊന്നുമില്ല. എനിക്ക് ഇനിയും അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ 45 വയസിന് മുമ്പ് വിരമിക്കുന്നില്ല. രണ്ട് ലോകകപ്പുകൾ കൂടി കളിക്കണം ” ഗെയ്ൽ കൂട്ടിച്ചേർത്തു.

1999ൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ക്രിസ് ഗെയ്‌ലിന്റെ രാജ്യാന്തര അരങ്ങേറ്റം.
301 ഏകദിന മത്സരങ്ങൾ വിൻഡീസിനായി കളിച്ച താരം 10480 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 7214 റൺസും താരത്തിന്റെ അക്കൗണ്ടിലുണ്ട്.