Skip to content

രോഹിത് ശർമ്മയ്ക്ക് കളിക്കണമെങ്കിൽ അവരിലൊരാളെ ഒഴിവാക്കണം ; എം എസ് കെ പ്രസാദ്

ആരാധകരുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരിക്കുകയാണ് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. പരിക്ക് മൂലം ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയും ടി20 പരമ്പരയും നഷ്ട്ടമായ രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഫിറ്റ്നസ് തെളിയിച്ച് ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ കാരണം ടീമിനൊപ്പം ചേരാൻ സാധിച്ചിരുന്നില്ല.

രോഹിത് ശർമ്മ ടീമിനൊപ്പം എത്തിയതോടെ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെ കളിപ്പിക്കാൻ മായങ്ക് അഗർവാളിനെയോ ഹനുമാ വിഹാരിയെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്.

ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരു ബാറ്റ്‌സ്മാന്മാർക്കും സാധിച്ചിട്ടില്ല.

” മായങ്ക് അഗർവാളോ ഹനുമാ വിഹാരിയോ ആയിരിക്കും ഒഴിവാക്കപെടുക. എന്നാൽ മായങ്കിനെ ഒഴിവാക്കുകയെന്നത് ദുഷ്കരമാണ്, കാരണം കഴിഞ്ഞ 18 മാസത്തിനിടയിൽ ഡബിൾ സെഞ്ചുറിയും സെഞ്ചുറികളും അവൻ നേടിയിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തുന്നതിനാൽ രോഹിത് ശർമ്മ ഓപ്പൺ ചെയ്യുമോ എന്ന കാര്യത്തിൽ എനിക്കുറപ്പില്ല, ഓപ്പണിങാണോ അതോ മധ്യനിരയാണോ അവൻ തിരഞ്ഞെടുക്കുക ? അത് മറ്റൊരു ചോദ്യമാണ് ! ” എം എസ് കെ പ്രസാദ് പറഞ്ഞു.

” ഏത് തരത്തിലുള്ള റോളാണ് ടീം മാനേജ്‌മെന്റ് രോഹിത് ശർമ്മയിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതുമൊരു ഘടകമാണ്. മികച്ച തുടക്കമാണോ അവർ അവനിൽ നിന്നും പ്രതീക്ഷിക്കുന്നത് അതോ മധ്യനിരയെ നയിക്കുന്നതോ ? ” അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി ഏഴിന് സിഡ്‌നിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്.