Skip to content

ധോണിയ്ക്കും കോഹ്ലിക്കും ശേഷം ഈ നേട്ടത്തിലെത്തിയതിൽ അഭിമാനം ; രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി 50 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമെന്ന അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. മത്സരശേഷം ഈ അപൂർവ്വനേട്ടത്തിന് ബിസിസിഐയോടും സഹതാരങ്ങളോടും നന്ദി പറഞ്ഞിരിക്കുകയാണ് രവീന്ദ്ര ജഡേജ.

” ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുകയെന്നത് കുട്ടിക്കാലം മുതലെയുള്ള എന്റെ സ്വപ്‌നമാണ്. എന്നാൽ മൂന്ന് ഫോർമാറ്റിലും 50 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ അപൂർവ്വനേട്ടത്തിൽ മഹി ഭായ്ക്കും വിരാടിനുമൊപ്പം ചേരാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ബിസിസിഐയ്ക്ക് വലിയ നന്ദി, ഒപ്പം എന്റെ സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും എല്ലായ്‌പ്പോഴും എന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിന്. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം ഞാൻ തുടരും, ജയ്ഹിന്ദ് ” ട്വിറ്ററിൽ ജഡേജ കുറിച്ചു.

ടി20 പരമ്പരയ്ക്കിടെ പരിക്ക് പറ്റിയ ജഡേജയ്ക്ക് പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ആദ്യ ടെസ്റ്റിൽ കളിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിൽ ടീമിനൊപ്പം തിരിച്ചെത്തിയ ജഡേജ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങി 57 റൺസ് നേടി രഹാനെയ്ക്കൊപ്പം നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയ ജഡേജ മത്സരത്തിൽ മൂന്ന് വിക്കറ്റും നേടിയിരുന്നു.

മൂന്ന് ഫോർമാറ്റിൽ നിന്നുമായി ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 4,554 റൺസും 443 വിക്കറ്റും ജസേജ നേടിയിട്ടുണ്ട്.