Skip to content

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ രൂക്ഷമായി വിമർശിച്ച് റിക്കി പോണ്ടിങ്

മെൽബൺ ടെസ്റ്റിലെ എട്ട് വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. റൺസ് സ്കോർ ചെയ്യാനുള്ള വ്യഗ്രത ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർ കാണിക്കുന്നില്ലയെന്നും പുറത്താകുമെന്ന പേടിയോടെയാണ് അവർ ഇന്ത്യൻ ബൗളർമാരെ നേരിടുന്നതെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

” അഡ്ലെയ്ഡിൽ 191 റൺസാണ് അവർ നേടിയത്. ഇവിടെയാകട്ടെ 195 ഉം 200 ഉം, ഇങ്ങനെയല്ല ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് ചെയ്യേണ്ടത്. എന്നെ അലട്ടുന്ന മറ്റൊരു കാര്യം അവർ ഈ റൺസ് സ്കോർ ചെയ്യാനെടുക്കുന്ന സമയമാണ്. അതാണ് ഞാൻ ചൂണ്ടിക്കാട്ടുന്ന പ്രശ്നം ” പോണ്ടിങ് പറഞ്ഞു.

” കൂടുതൽ വഗ്രത അവർ കാണിക്കേണ്ടിയിരുക്കുന്നു. പുറത്താകുമെന്ന് ഭയപ്പെട്ടുകൊണ്ട് ബാറ്റ് ചെയ്യരുത്. ബാറ്റിങിനിറങ്ങിയാൽ റൺസ് സ്കോർ ചെയ്യാൻ അവർ ശ്രമിക്കണം. വേഗത്തിൽ തന്നെ റൺസ് കണ്ടെത്തണം. ” പോണ്ടിങ് കൂട്ടിച്ചേർത്തു.

” ഒരോവറിൽ രണ്ടിൽ കൂടുതൽ റൺസ് മാത്രമാണ് അഡ്ലെയ്ഡിലും മെൽബണിലും അവർ നേടിയത്. കഴിഞ്ഞ പരമ്പരയിലും അവർ ഇതുതന്നെയാണ് ചെയ്തത്. അതിലവർ പരാജയപെടുകയും ചെയ്തിരുന്നു. അവരുടെ പ്രകടനം അവർ തന്നെ വിലയിരുത്തേണ്ടതുണ്ട്. ” പോണ്ടിങ് പറഞ്ഞു.

” നിലവിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സ്മിത്തിന് സാധിക്കുന്നില്ല, വാർണർ ടീമിനൊപ്പമില്ല, മാർനസ് ലാബുഷെയ്നാകട്ടെ ഭാഗ്യം മൂലം ലഭിച്ച അവസരങ്ങൾ മുതലാക്കുവാനും സാധിച്ചില്ല. വാർണർ തിരികെയെത്തണം സ്മിത്ത് റൺസ് സ്കോർ ചെയ്യണം, ലാബുഷെയ്ൻ കഴിഞ്ഞ സമ്മറിലെ പ്രകടനം പുറത്തെടുക്കണം ” റിക്കി പോണ്ടിങ് പറഞ്ഞു.