Skip to content

മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 200പന്തുകളിൽ നിന്നും 12 ഫോറടക്കം 104 റൺസ് നേടിയ രഹാനെ രണ്ടാം ദിനവും അവസാനിച്ചപ്പോഴും ക്രീസിലുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ രഹാനെയുടെ പന്ത്രണ്ടാം സെഞ്ചുറിയാണിത്. ഈ തകർപ്പൻ സെഞ്ചുറിയോടെ ഒരു അപൂർവ്വനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അജിങ്ക്യ രഹാനെ.

സെഞ്ചുറിയോടെ ഓസ്‌ട്രേലിയയിൽ ബോക്‌സിങ് ഡേ ടെസ്റ്റിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രഹാനെ സ്വന്തമാക്കി. ഇതിനുമുൻപ് 2014 ലെ ബോക്‌സിങ് ഡേ ടെസ്റ്റിലും രഹാനെ സെഞ്ചുറി നേടിയിരുന്നു.

1999ൽ സച്ചിൻ ടെണ്ടുൽക്കറാണ് ഓസ്‌ട്രേലിയയിലെ ബോക്സിങ് ഡേ ടെസ്റ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ. തുടർന്ന് 2003 ൽ വീരേന്ദർ സെവാഗും 2014 ൽ രഹാനെയ്ക്കൊപ്പം വിരാട് കോഹ്ലിയും 2018 ൽ ചേതേശ്വർ പുജാരയും സെഞ്ചുറി നേടി.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡും രഹാനെ സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കറാണ് എം സി ജിയിൽ സെഞ്ചുറി നേടിയിട്ടുള്ള ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ. 1999 ലാണ് സച്ചിൻ സെഞ്ചുറി നേടിയത്.