Skip to content

ഇന്ത്യയ്ക്ക് നേരിയ ആശ്വാസം, രണ്ടാം ടെസ്റ്റിൽ സൂപ്പർതാരം കളിക്കില്ല

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കളിക്കില്ല. ഫിറ്റ്നസും അതിനൊപ്പം കോവിഡ് പ്രോട്ടോക്കോളും മൂലമാണ് വാർണർക്ക് മെൽബണിൽ നടക്കുന്ന മത്സരവും നഷ്ട്ടമായത്.

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഡേവിഡ് വാർണറിന് പരിക്ക് പറ്റിയത്. തുടർന്ന് ഏകദിന പരമ്പരയിലെ അവസാന മത്സരവും ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരവും വാർണർക്ക് നഷ്ട്ടമായി. വാർണർക്കൊപ്പം ഫാസ്റ്റ് ബൗളർ സീൻ അബോട്ടും രണ്ടാം മത്സരത്തിൽ നിന്നും പുറത്തായി.

പരിക്കിനെ തുടർന്ന് ചികിത്സയുടെ ഭാഗമായി ഇരുതാരങ്ങളും ടീമിന്റെ ബയോ ബബിളിന് വെളിയിലായിരുന്നുവെന്നും കോവിഡ് കേസുകൾ പെരുകിയ സിഡ്‌നിയിലെ ഹോട്ട്സ്പോട്ടുകളിൽ ഇരുവരും ഉണ്ടായിരുന്നതിനാലുമാണ് മുൻകരുതലിന്റെ ഭാഗമായി ഇരുവരെയും രണ്ടാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിയത്. കൂടാതെ പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാകാൻ ഡേവിഡ് വാർണർക്ക് സാധിച്ചിട്ടുമില്ല. സിഡ്നിയിൽ നിന്നും ഇരുതാരങ്ങളും മെൽബണിൽ എത്തിയിട്ടുണ്ട്.

ഇരുവർക്കും പകരക്കാരായി ആരെയും ഓസ്‌ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മൂന്നാം ടെസ്റ്റിന് മുൻപായി ഇരുവരും ടീമിനൊപ്പം ചേരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

സിഡ്‌നിയിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ മൂന്നാം റെസ്റ്റിനും എം സി ജി വേദിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ അജിങ്ക്യ രഹാനെയായിരിക്കും തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.

പരിക്കിൽ നിന്നും മുക്തനായ രവീന്ദ്ര ജഡേജയും യുവതാരം ശുഭ്മാൻ ഗില്ലും രണ്ടാം ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കും.