Skip to content

കോഹ്ലി മടങ്ങിയെങ്കിലും ആ താരം ഓസ്‌ട്രേലിയക്ക് കനത്ത വെല്ലുവിളി ; നേഥൻ ലയൺ

ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും കോഹ്ലിയുടെ അഭാവം മറികടക്കാൻ പോന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്ന് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ചേതേശ്വർ പുജാര ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളിയാകുമെന്നും നേഥൻ ലയൺ പറഞ്ഞു.

പുജാരയെ പുറത്താക്കാനുള്ള കൂടുതൽ പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ടെന്നും എന്നാലത് പുറത്തുപറയാൻ സാധിക്കുകയില്ലെന്നും പ്രസ്സ് കോണ്ഫറന്സിൽ ലയൺ പറഞ്ഞു.

” രഹസ്യങ്ങൾ എനിക്ക് പുറത്തുപറയാനാകില്ല. പുജാര ലോകോത്തര ബാറ്റ്‌സ്മാനാണ്, പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ അവൻ ഞങ്ങൾക്ക് കനത്ത വെല്ലുവിളിയാകും. പരമ്പരയ്ക്ക് മുൻപേ പുജാരയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. അഡ്‌ലൈഡിൽ അവനെ പുറത്താക്കാനുള്ള പദ്ധതികൾ വിജയിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ ഞങ്ങളുടെ പക്കൽ ഇനിയും ചില പദ്ധതികളുണ്ട് ” നേഥൻ ലയൺ പറഞ്ഞു.

” ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ നേരിടുന്നത് രസകരമാണ് പുജാര അത്തരത്തിലൊരു താരമാണ്. ” നേഥൻ ലയൺ കൂട്ടിച്ചേർത്തു.

അജിങ്ക്യ രഹാനെയ്ക്കും പുജാരയ്ക്കുമൊപ്പം കെ എൽ രാഹുലും മായങ്ക് അഗർവാളും ഇന്ത്യൻ നിരയിലുണ്ടെന്നും അതിനാൽ തന്നെ വിരാട് കോഹ്ലിയുടെ അഭാവം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ആദ്യ മത്സരം പരാജയപെട്ടുവെങ്കിലും തുടർന്ന് മത്സരങ്ങൾ കനത്ത വെല്ലുവിളിയാണെന്നും നേഥൻ ലയൺ പറഞ്ഞു.

മെൽബണിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഓപ്പണർ ഡേവിഡ് വാർണറുടെ അഭാവത്തിലാണ് രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയിറങ്ങുന്നത്.

പരിക്കിനൊപ്പം കോവിഡ് പ്രോട്ടോക്കോളും മൂലമാണ് രണ്ടാം മത്സരം വാർണർക്ക് നഷ്ടമായത്. വാർണർക്കൊപ്പം ഫാസ്റ്റ് ബൗളർ സീൻ അബോട്ടും കോവിഡ് പ്രോട്ടോക്കോൾ മൂലം രണ്ടാം മത്സരത്തിൽ നിന്നും പുറത്തായി.