Skip to content

കോഹ്ലിയല്ല, ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌ക്കാരം അർഹിക്കുന്നത് ആ താരത്തിന് ; ഗൗതം ഗംഭീർ

കഴിഞ്ഞ പതിറ്റാണ്ടിലെ ഐസിസി അവാർഡുകൾ പ്രഖ്യാപിക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അവാർഡിലെ അഞ്ച് കാറ്റഗറിയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നോമിനേഷൻ ചെയ്യപെട്ടിട്ടുണ്ട്. അതിനിടെ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം അർഹിക്കുന്നത് ആർക്കെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

കോഹ്ലിയേക്കാൾ ഈ പുരസ്‌കാരം അർഹിക്കുന്നത് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയ്ക്കാണെന്നും ഇരുവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്നത് എളുപ്പമല്ലയെങ്കിലും തന്റെ അഭിപ്രായത്തിൽ ഈ പുരസ്‌ക്കാരം അർഹിക്കുന്നത് സംഗക്കാരയ്ക്കാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” ഒരാളെ തിരഞ്ഞെടുക്കുകയെന്നത് ദുഷ്കരമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ അതിനർഹൻ സംഗക്കാരയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ റെക്കോർഡുകൾ തന്നെയാണ്. മറ്റുള്ളവരെ ടി20 ക്രിക്കറ്റ് അവൻ അധികം കളിച്ചിട്ടില്ല. എന്നാൽ എല്ലാ സാഹചര്യങ്ങളിലും എല്ലാ ഫോർമാറ്റിലും റൺസ് നേടാൻ സംഗക്കാരയ്ക്ക് സാധിച്ചിട്ടുണ്ട്. ” ഗംഭീർ പറഞ്ഞു.

” അവൻ അവിശ്വസനീയ കളിക്കാരനാണ് അതിൽ നിന്നുമുപരി ട്രോഫികൾ നേടാൻ അവന് സാധിച്ചിട്ടുണ്ട്. 2011 ലോകകപ്പ് ഫൈനലിൽ അവൻ കളിച്ചു. അതിന് ശേഷം ബംഗ്ലാദേശിൽ നടന്ന ടി20 ലോകകപ്പ് നേടുകയും ചെയ്തു. കളിക്കാരനെന്ന നിലയിൽ അവൻ ഒരുപാട് റെക്കോർഡുകൾ നേടിയിട്ടുണ്ട്. ലോകകപ്പിൽ തുടർച്ചയായി നാല് സെഞ്ചുറി നേടി അതിനൊപ്പം രാജ്യത്തിനായി ട്രോഫികളും വിജയിച്ചു. ” ഗംഭീർ കൂട്ടിച്ചേർത്തു.

എന്നാൽ സംഗക്കാരയ്ക്ക് വെല്ലുവിളിയുയർത്താൻ കോഹ്ലിക്ക് സാധിക്കുമെന്നും കഴിഞ്ഞ ഏഴോ എട്ടോ വർഷമായി മൂന്ന് ഫോർമാറ്റിലും മേധാവിത്വം പുലർത്തിയ ഒരേയൊരു താരം വിരാട് കോഹ്ലി മാത്രമാണെന്നും സ്റ്റീവ് സ്മിത്തും ജോ റൂട്ടും നോമിനേഷൻ ലിസ്റ്റിൽ ഉണ്ടെങ്കിലും ഇരുവരുടെയും ടി20 ക്രിക്കറ്റിലെ പ്രകടനം മികച്ചതല്ലയെന്നും അതുകൊണ്ട് സംഗക്കാരയ്ക്ക് വെല്ലുവിളി കോഹ്ലി മാത്രമാണെന്നും ഗംഭീർ പറഞ്ഞു.