Skip to content

ഓസ്‌ട്രേലിയൻ സാഹചര്യത്തിൽ ഇന്ത്യൻ ടീമിനെ സഹായിക്കാൻ കഴിയുക അദ്ദേഹത്തിന് മാത്രമാണ്, മുൻ താരത്തെ ഉടൻ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ദിലീപ് വെങ്‌സർക്കർ

ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് തകർച്ച ക്രിക്കറ്റ് ലോകത്ത് മറ്റൊരു ചർച്ചയ്ക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയൻ പേസ് ആക്രമണത്തിന് മുന്നിൽ മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ മടങ്ങുന്ന കാഴ്‌ച്ചയാണ് മൂന്നാം ദിവസം കണ്ടത്. 62 റൺസ് ലീഡുമായി ആധിപത്യത്തോടെ ഇറങ്ങിയ ഇന്ത്യയെ ഓസ്‌ട്രേലിയയുടെ പേസ് ത്രയം തകർക്കുകയായിരുന്നു.

1974 ൽ ലോർഡ്സിൽ 42 റൺസിന് ഓൾ ഔട്ടായ ഇന്ത്യയുടെ പഴയ റെക്കോർഡാണ് ഇതോടെ മാറ്റി കുറിക്കപ്പെട്ടത്. ടീമിൽ ഒരാൾ പോലും രണ്ടക്കം കടക്കാത്ത മത്സരത്തിൽ ഇന്ത്യ 36 റൺസിന് അവസാനിക്കുകയായിരുന്നു.
പേസ് ആക്രമണത്തിന് മുന്നിൽ തകരുന്ന ഇന്ത്യയെ രക്ഷിക്കാൻ രാഹുൽ ദ്രാവിഡിനെ ഓസ്‌ട്രേലിയയ്ക്ക് അയക്കണമെന്ന് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്‌സർക്കർ.

” ടീമിനെ സഹായിക്കാൻ ബിസിസിഐ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകണം. അത്തരം സാഹചര്യങ്ങളിൽ ചലിക്കുന്ന പന്ത് എങ്ങനെ കളിക്കാമെന്നതിനെക്കുറിച്ച് ദ്രാവിഡിനെക്കാൾ മികച്ച രീതിയിൽ ബാറ്റ്സ്മാൻമാരെ ഉപദേശിക്കാൻ വേറെ ആർക്കും കഴിയില്ല. ”

” അദ്ദേഹത്തിന്റെ സാന്നിധ്യം നെറ്റ്സിൽ ഇന്ത്യൻ ടീമിന് വലിയ ഊർജ്ജം പകരും. എന്തായാലും, കഴിഞ്ഞ ഒൻപത് മാസമായി കോവിഡ് കാരണം എൻ‌സി‌എ അടച്ചുപൂട്ടിയിരിക്കുവാണ്, അദ്ദേഹത്തിന് അവിടെ കാര്യമായൊന്നും ചെയ്യാനില്ല. ഇന്ത്യയെ സഹായിക്കാൻ എത്രയും പെട്ടെന്ന് ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കണം ” വെങ്‌സർക്കർ ശനിയാഴ്ച TOI യോട് പറഞ്ഞു

” ദേശീയ ടീമിനെ സഹായിക്കാൻ ദ്രാവിഡിന്റെ സേവനങ്ങൾ ബിസിസിഐയ്ക്ക് ഉപയോഗിക്കാം, കോഹ്ലി കൂടി ഇല്ലാത്ത സാഹചര്യത്തിൽ അത് ആവശ്യമാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.